കൊച്ചി|
Last Modified ശനി, 27 ഏപ്രില്‍ 2019 (15:47 IST)
മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ മകള്‍ ആമിയുടെ വിവാഹം മെയ് 19ന് നടക്കും. ഈ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടില്‍ എത്തിക്കുന്നതിനും തിരികെ ജയിലിലേക്ക് മടങ്ങുന്നതിനും രൂപേഷിന് മതിയായ സുരക്ഷ ഒരുക്കണമെന്ന് എന്‍ ഐ എ കോടതി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിവാഹവുമായി ബന്ധപ്പെട്ട് മേയ് 16ന് തൃശൂര്‍ വലപ്പാട്ടെ വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ കോടതി നേരത്തേ രൂപേഷിന് അനുമതി നല്‍കിയിരുന്നു. അന്ന് രാവിലെ 11.30 മുതല്‍ വൈകുന്നേരം നാലുമണി വരെ വീട്ടില്‍ സന്ദര്‍ശനം നടത്താനാണ് രൂപേഷിന് അനുമതി നല്‍കിയിരിക്കുന്നത്.
മെയ് 19ന് വാടാനപ്പള്ളി വ്യാപാരഭവന്‍ ഹാളിലാണ് ആമിയുടെ വിവാഹം നടക്കുന്നത്. കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ പശ്ചിമബംഗാള്‍ സ്വദേശി അര്‍ക്കദ്വീപാണ് ആമിയുടെ വരന്‍. ഇപ്പോള്‍ കൊല്‍ക്കത്ത ശാന്തിനികേതനില്‍ വിദ്യാര്‍ത്ഥിനിയാണ് ആമി.
കേരളത്തിലും തമിഴ്നാട്ടിലുമായി രജിസ്റ്റര്‍ ചെയ്ത അനവധി മാവോവാദി കേസുകളില്‍ പ്രതിയാണ് രൂപേഷ്. എന്‍ ഐ എ അന്വേഷിക്കുന്ന വെള്ളമുണ്ട മാവോവാദി കേസാണ് ഇതിലൊന്ന്.