തിരുവനന്തപുരം|
VISHNU.NL|
Last Modified വ്യാഴം, 18 ഡിസംബര്‍ 2014 (16:08 IST)
റബര്‍ കര്‍ഷകരുടെ പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെട്ട നിവേദക സംഘം ഉടന്‍ പ്രധാനമന്ത്രിയെ കാണും. ഇതിനു മുന്നോടിയായി ഈ മാസം 18 ന് റബ്ബര്‍ ഉത്പാദകരുടെ യോഗം വിളിച്ചു ചേര്‍ക്കും.
റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുന്‍ മന്ത്രിമാരുള്‍പ്പെടെയുള്ള നിവേദക സംഘങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സംസ്ഥാനത്ത് മുഴുവനായി റബറൈസ്ഡ് റോഡ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് റബറൈസ്ഡ് ബിറ്റുമിന്റെ ഉത്പാദനം എണ്ണായിരം ടണ്ണില്‍ നിന്നും അന്‍പതിനായിരം ടണ്‍ ആയി ഉയര്‍ത്താന്‍ വേണ്ട പ്രത്യേക പരിശ്രമം നടത്താനും തീരുമാനമായി.
കേന്ദ്രസര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും റബറൈസ്ഡ് ടാറിംഗിന്റെ ആവശ്യകത ബോധ്യപ്പെടുത്തും. റബര്‍ കാര്‍ഷിക ഉത്പന്നമായി പരിഗണിക്കണമെന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യം ഇതുവരെ കേന്ദ്രം അംഗീകരിക്കാത്തത് പ്രതിക്ഷേധാര്‍ഹമാണ്. ഇതു തിരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തും. റബര്‍ റീപ്ലാന്റേഷനുവേണ്ടി പുതിയ പാക്കേജ് ആവിഷ്‌കരിക്കാനും ചര്‍ച്ചയില്‍ ധാരണയായി. ഇതിനുവേണ്ടിയുള്ള സബ്‌സിഡി നിലവിലുള്ള ഇരുപത്തി അയ്യായിരം രൂപയില്‍ നിന്നും അന്‍പതിനായിരം രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ചര്‍ച്ചയിലുണ്ടായി.
റബര്‍ വിലയിടിവിന് ഇടവരുത്തുന്ന ഇറക്കുമതി അവസാനിപ്പിക്കാന്‍ നിലവിലുള്ള ഇറക്കുമതി തീരുവ ഇരുപത് ശതമാനത്തില്‍ നിന്നും ഇരുപത്തിയഞ്ച് ശതമാനായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിച്ചു. റബര്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ റബര്‍ തടിക്ക് സ്വതന്ത്ര വിപണി ഉറപ്പുവരുത്തണമെന്നും നിവേദകസംഘം ആവശ്യപ്പെടും. റബര്‍ തടിയുടെ നികുതി ഘടന പുന:സംവിധാനം ചെയ്യണമെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
റബര്‍ ഉത്പാദക രാജ്യങ്ങളുടെ കോണ്‍ഫെഡറേഷന്‍ വിളിച്ചുചേര്‍ക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെടും. റബര്‍ ബോര്‍ഡ് കണക്കു പ്രകാരം അധിക സ്റ്റോക്ക് നിലവിലുള്ള സാഹചര്യത്തില്‍ വന്‍തോതില്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കണം എന്നും യോഗം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, എം.എല്‍.എ.മാരായ മോന്‍സ് ജോസഫ്, സി.എഫ്. തോമസ്, ടി.യു കുരുവിള, റോഷി അഗസ്റ്റിന്‍, പ്രഫ. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.