ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടുനല്‍കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി കെ.സുധാകരന്‍

രേണുക വേണു| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (14:28 IST)

ആര്‍എസ്എസിന് സംരക്ഷണം നല്‍കാന്‍ ആളെ വിട്ടുനല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ആര്‍എസ്എസ് ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സംരക്ഷണം നല്‍കാനാണ് തങ്ങള്‍ ആളുകളെ വിട്ടുനല്‍കിയതെന്ന് സുധാകരന്‍ പറഞ്ഞു. ആര്‍എസ്എസ് ആഭിമുഖ്യം കൊണ്ടല്ല, മറിച്ച മൗലികാവകാശങ്ങള്‍ തകരാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ എം.വി.രാഘവന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ സംഘടന കെ.എസ്.യു. പ്രവര്‍ത്തകനായിരുന്ന കാലത്ത് എടക്കാട്, തോട്ടട, കുഴുന്ന തുടങ്ങിയ പ്രദേശങ്ങളില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ അതു അടിച്ചുപൊളിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. അവര്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായപ്പോഴാണ് ആളെ അയച്ച് സംരക്ഷണം കൊടുത്തത്. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍.എസ്.എസിനോടും ആഭിമുഖ്യമുണ്ടായിട്ടല്ല. ഒരു ജനാധിപത്യ അവകാശം, മൗലിക അവകാശം തകര്‍ക്കപ്പെടുന്നത് നോക്കി നില്‍ക്കുന്നത് ഒരു ജനാധിപത്യ വിശ്വാസിക്ക് ഗുണകരമല്ലെന്ന തോന്നലാണ് അങ്ങനെ പ്രവര്‍ത്തിക്കാന്‍ ഇടയാക്കിയത്. ഒരിക്കലും ആര്‍.എസ്.എസ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ടിട്ടില്ല. പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ലെന്നും സുധാകരന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :