എ കെ ജെ അയ്യർ|
Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (19:39 IST)
ആലപ്പുഴ: മുക്കുപണ്ടം സ്വയം നിർമ്മിച്ച് വിവിധ ബാങ്കുകളിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂർ കീച്ചേരിമേൽ ചരിവ് പുരയിടത്തിൽ വീട്ടിൽ കനകൻ (49), മുളവൂർ പേഴക്കാപ്പിള്ളി തട്ട്പറമ്പ് പുത്തൻവീട്ടിൽ കുട്ടപ്പൻ (64) എന്നിവരെ ചെങ്ങന്നൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
മുക്കുപണ്ടം നിർമ്മിക്കുന്നത് കുട്ടപ്പനാണ്. ഈ വ്യാജഉരുപ്പടികൾ കനകനാണ് വിവിധ ബാങ്കുകളിൽ പണയം വച്ച് പണം തട്ടിയെടുക്കുന്നത്. ചെങ്ങന്നൂരിലെ തന്നെയുള്ള ഒരു ദേശസാൽകൃത ബാങ്കിൽ നിന്ന് ഇയാൾ ഇത്തരത്തിൽ പതിനെട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി ബാങ്ക് മാനേജർ നൽകിയ പരാതിയിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഇത്തരത്തിൽ 2021 മുതൽ വിവിധ ദിവസങ്ങളിലായാണ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ചെങ്ങന്നൂർ എസ്.എച്ച്.ഒ എ.സി.വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.