Last Updated:
ബുധന്‍, 7 ഓഗസ്റ്റ് 2019 (14:34 IST)
ചെങ്ങന്നൂരില്‍ കിണർ വെള്ളത്തിൽ നിന്നും ടാപ്പിലൂടെ എത്തിയത് അപൂര്‍വ്വ മത്സ്യം. വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഭൂഗർഭ മത്സ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മത്സ്യത്തെയാണ് ഇടനാട് ഗവ ജെബിഎസ് അധ്യാപികയായ ചന്ദനപ്പള്ളിയിൽ നീന രാജന്റെ വീട്ടിലെ കിണറ്റിൽനിന്ന് ലഭിച്ചത്.
ഹൊറഗ്ലാനിസ് ജനുസ്സിൽപ്പെട്ട ഭൂഗർഭ മത്സ്യമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്തമാകൂ. ചുവന്ന നിറമുള്ള മത്സ്യത്തിന്റെ മുതുകിൽ എഴുന്ന് നിൽക്കുന്ന ചിറകുകളുണ്ട്. കാഴ്ച ശക്തിയില്ലാത്ത ഈ മത്സ്യം ഭൂമിയുടെ ഉള്ളറകളിൽ ശുദ്ധജലം നിറഞ്ഞ സ്ഥലങ്ങളിലാകും ജീവിക്കുകയെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ആകസ്മികമായി ആഴമേറിയ കിണറുകളിലേക്ക് ഇവ എത്താനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം പ്രളയം ശക്തമായി അനുഭവപ്പെട്ട പ്രദേശമാണ് ഇടനാട്. ഇതുമൂലം സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിയതാകാം മത്സ്യം എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.