സ്‌ത്രീകളുടെ ശബരിമല ദർശനം: വിശ്വാസത്തെ വ്രണപ്പെടുത്താത്ത നടപടി സ്വീകരിക്കും- ദേവസ്വംമന്ത്രി

വിഎസ് ശിവകുമാർ , ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല , സ്‌ത്രീകളുടെ ശബരിമല ദർശനം , സുപ്രീംകോടതി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 12 ജനുവരി 2016 (12:15 IST)
സ്‌ത്രീകളുടെ ശബരിമല ദർശന വിഷയത്തിൽ വിശ്വാസത്തെ വ്രണപ്പെടുത്താത്ത നടപടികളായിരിക്കും സർക്കാർ സ്വീകരിക്കുകയെന്ന് ദേവസ്വം മന്ത്രി വിഎസ് ശിവകുമാർ. വിവിധ വശങ്ങൾ പരിശോധിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ ഭക്തർക്ക് അനുകൂലമായ നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുകയെന്ന് രാവിലെ പറഞ്ഞു. പാരമ്പര്യവും ആചാരങ്ങളും അനുസരിച്ചാണ് ശബരിമലയിലെ പ്രവർത്തനങ്ങള്‍. ശബരിമല ദർശനത്തിന് സ്ത്രീകൾക്ക് വിലക്കില്ല. എന്നാൽ, പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് പ്രവേശനം അനുവദിച്ചുകൂടായെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. പുരുഷന്‍‌മാര്‍ക്ക് ആരാധനയ്ക്ക് സ്വാതന്ത്ര്യമുള്ളയിടത്ത് സ്ത്രീകള്‍ക്ക് മാത്രം ആരാധന നിഷേധിക്കുന്നത് ഭരണഘടന അനുവദിക്കാത്തിടത്തോളം കാലം സ്ത്രീകളെ തടയാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ ചോദ്യം ഉന്നയിച്ചത്. മതത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ ക്ഷേത്രങ്ങളില്‍ ഇത്തരം വിവേചനം എന്തുകൊണ്ട് നിലനില്‍ക്കുന്നു എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഒരു സ്വകാര്യ ക്ഷേത്രത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ വരുന്നത് അംഗീകരിക്കാമെന്നും എന്നാല്‍ ഒരു പൊതുക്ഷേത്രത്തില്‍ ഈ വിവേചനം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ശബരിമലയില്‍ 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ത്രീകള്‍ പ്രവേശിച്ചിട്ടില്ലെന്ന് എന്താണുറപ്പെന്നും സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം രേഖാമൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :