രേണുക വേണു|
Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (10:40 IST)
എഐസിസി പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവ് സ്ഥാനം ലഭിക്കാത്തതില്‍ പരസ്യ പ്രതിഷേധത്തിന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് മാത്രമാണ് ഇപ്പോഴും ചെന്നിത്തല. ശശി തരൂരിന് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം അംഗത്വം ലഭിച്ചതും താന്‍ ഒഴിവാക്കപ്പെട്ടതും ചെന്നിത്തലയെ പ്രകോപിപ്പിച്ചിട്ടുണ്ട്. തന്നേക്കാള്‍ ജൂനിയറായ തരൂരിന് സ്ഥിരം അംഗത്വം നല്‍കിയതാണ് ചെന്നിത്തലയുടെ അതൃപ്തിക്ക് കാരണം. പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവ് സ്ഥാനം ചെന്നിത്തല ഏറ്റെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവാണ് ചെന്നിത്തല. എന്നാല്‍ എഐസിസി തനിക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരിഭവം ചെന്നിത്തലയ്ക്കുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവില്‍ തന്നെ പരിഗണിക്കുമെന്നാണ് ചെന്നിത്തല കരുതിയിരുന്നത്. എന്നാല്‍ ശശി തരൂരിന് നറുക്ക് വീണതോടെ ചെന്നിത്തല നിരാശനായി. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് പ്രതിഷേധിക്കാനും ചെന്നിത്തല ക്യാംപ് ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ 19 വര്‍ഷമായി ചെന്നിത്തല എഐസിസി പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവ് മാത്രമാണ്. ശശി തരൂരിന് സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ അധികാരം നല്‍കാനുള്ള എഐസിസി നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ചെന്നിത്തലയെ തഴഞ്ഞിരിക്കുന്നത്. വി.ഡി.സതീശന്റെയും കെ.സി.വേണുഗോപാലിന്റെയും ഇടപെടലാണ് ചെന്നിത്തലയ്ക്ക് തിരിച്ചടിയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.