തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 17 ഡിസംബര്‍ 2015 (13:34 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് കത്തയച്ചതിന്റെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കെപിസിസി യോഗം ചേർന്നതാണ്. പതിവിന് വിപരീതമായി എല്ലാവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയതുമാണ്. അത്തരം ഒരു സാഹചര്യം ഉണ്ടായിട്ടും അന്നൊന്നും പറയാത്ത കാര്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
കത്തിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ താല്‍പ്പര്യമില്ല. അതിനെക്കുറിച്ച് വ്യക്‍തമായി പഠിച്ച ശേഷം സംസാരിക്കാം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം നടന്ന കെപിസിസി യോഗത്തില്‍ എല്ലാവരും അഭിപ്രായം വ്യക്തമാക്കിയതാണെന്നും സുധീരന്‍ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയെ സുധീരൻ വിമർശിച്ചു.
ആർ.എസ്.എസിന്റെ ആജ്ഞാനുവർത്തിയായി മുഖ്യമന്ത്രിയെ ഒഴിവാക്കിയ വെളളാപ്പള്ളി കുറ്റക്കാരനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ഗുരുനിന്ദകനാണ് വെള്ളാപ്പള്ളിയെന്നും സുധീരൻ പറഞ്ഞു.
പക്ഷപാതിത്വവും ആധികാരികതയും ജനങ്ങളെ കോൺഗ്രസിൽ നിന്നും യുഡിഎഫിൽനിന്നും അകറ്റിയെന്നാണ് ചെന്നിത്തലയുടെ കത്തിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർച്ചയിൽ സർക്കാരിനും പങ്കുണ്ട്. സർക്കാരിൽ അഴിമതി വ്യാപകമാണെന്നും ചെന്നിത്തലയുടെ കത്തില്‍ പറയുന്നുണ്ടെന്നാണ് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.