തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (15:50 IST)
തൃശൂർ കേരളവർമ്മ കോളേജില്‍ ബീഫ് ഫെസ്‌റ്റിവല്‍ നടത്തിയതിന് അനുകൂലമായി ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റിട്ട അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെ ക്രൂശിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-
തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ ബീഫ് വിവാദം വിഷയത്തില്‍ ദീപ ടീച്ചര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ഞാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്നും ഞാന്‍ വിശ്വസിക്കുന്നു.
അതുകൊണ്ടുതന്നെ ബീഫ് ഫെസ്റ്റിന് അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടുവെന്നാരോപിച്ച് ടീച്ചറെ ക്രൂശിക്കുന്നത് ഒട്ടും ശരിയായ നടപടിയല്ല. ടീച്ചര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഭാസ്‌കരന്‍ നായര്‍ പറഞ്ഞതെന്നും രമേശ് ചെന്നിത്തല
ഫേസ്‌ബുക്കില്‍ കുറിച്ചു.
ബീഫ് ഫെസ്‌റ്റിവല്‍ നടത്തിയതിന് അനുകൂലമായി ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റില്‍ ഉറച്ചു നില്‍ക്കുന്നതായി അധ്യാപികയായ ദീപ നിശാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ തന്റെ നിലപാട് ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. അതില്‍ ഖേദവുമുണ്ട്. ഫേസ്‌ബുക്ക് പോസ്‌റ്റ് കോളജിനെതിരെ അല്ലായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ നിലപാടുകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും അധ്യാപിക വ്യക്തമാക്കി. സംഭവം പോസ്‌റ്റ് വിവാദമായതോടെ കോളജിന്റെ ഉടമസ്ഥരായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എംപി ഭാസ്‌കരൻ നായര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രിൻസിപ്പലിനാണ് അന്വേഷണച്ചുമതല.