മലപ്പുറം|
JOYS JOY|
Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (13:33 IST)
സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിന് ബില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മലപ്പുറത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അടുത്ത നിയമസഭയില്‍ ബില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച് താന്‍ ഫേസ്‌ബുക്കില്‍ എഴുതിയതിനെ നിരവധി പേരാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ട് വരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇതിന് മുന്നോടിയായി പൊതുജനങ്ങളുടെയും രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നെന്നും വ്യക്തമാക്കിയായിരുന്നു ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. നാലായിരത്തിലധികം പേരായിരുന്നു ആഭ്യന്തരമന്ത്രിയുടെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്.
ആഭ്യന്തരമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
“ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഹര്‍ത്താല്‍ നിയന്ത്രണബില്‍ കൊണ്ട് വരുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഇതിന് മുന്നോടിയായി പൊതുജനങ്ങളുടെയും രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും അഭിപ്രായം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി പരാതികളും നിവേദനങ്ങളും സര്‍ക്കാരിന് ലഭിച്ചിരുന്നു. മാത്രമല്ല ഹര്‍ത്താല്‍ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ നിയന്ത്രണ ആക്റ്റ് എന്ന പേരിലുള്ള ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് ബില്‍ കൊണ്ടുദ്ദേശിക്കുന്നത്.
പുതിയ ബില്‍ നിയമമാകുന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കണം. എന്നാല്‍ അക്രമ സാധ്യതയുണ്ടാകുമെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ ഹര്‍ത്താല്‍ തടയാനുള്ള വ്യവസ്ഥയും ഇതിലുള്‍പ്പെടുന്നു.
ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടയ്ക്കുന്നതും പൗരന്‍മാരെ ഭീഷണിപ്പെടുത്തുന്നതും ഈ ആക്റ്റ് പ്രകാരം കുറ്റകരമായിരിക്കും. ഇതിന് ആറുമാസം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികളായവര്‍ അനുഭവിക്കേണ്ടി വരും. അതോടൊപ്പം ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൗരന്‍മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമുള്‍പ്പെടെ ലഭ്യമാക്കുന്നതിന്റെ ഉത്തരവാദിത്വവും പൊലീസില്‍ നിക്ഷിപ്തമായിരിക്കും, ഇതില്‍ വീഴ്ചവരുത്തിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതുള്‍പ്പെടെ സുപ്രധാന നിര്‍ദേശങ്ങളടങ്ങിയതാണ് കരട് ബില്‍.”