Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

ഇതിനൊക്കെ പിന്നില്‍ ഒരു പിആര്‍ പ്രവണത സംശയിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ചെന്നിത്തല പൊട്ടിച്ചിരിച്ചു

Ramesh Chennithala, VD Satheesan, Ramesh Chennithala against VD Satheesan PR Work, Chennithala and Satheesan
Thiruvananthapuram| രേണുക വേണു| Last Modified വ്യാഴം, 26 ജൂണ്‍ 2025 (13:00 IST)
and Ramesh Chennithala

Ramesh Chennithala: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രമുഖ മാധ്യമങ്ങളടക്കം വലിയ രീതിയില്‍ പുകഴ്ത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പ് ഫലത്തിനു പിറ്റേന്ന് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രത്തില്‍ സതീശനെ 'ക്യാപ്റ്റന്‍' എന്നു വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്ന സമയത്തും ഒരുപാട് തിരഞ്ഞെടുപ്പുകളില്‍ ജയിച്ചിട്ടുണ്ടെന്നും അന്നൊന്നും ആരും തന്നെ ക്യാപ്റ്റനെന്ന് വിളിച്ചില്ലെന്നും രമേശ് ചെന്നിത്തല പരിഭവം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് വി.ഡി.സതീശനുമായി രമേശ് ചെന്നിത്തല അത്ര നല്ല ബന്ധത്തിലല്ലെന്ന സൂചന നല്‍കുന്ന പരാമര്‍ശം. ' ഞാന്‍ ഈ ഉപതിരഞ്ഞെടുപ്പൊക്കെ ജയിച്ചപ്പോള്‍ ആരും എന്നെ ക്യാപ്റ്റന്‍ എന്നൊന്നും വിളിച്ചില്ലല്ലോ. എത്രയോ ഉപതിരഞ്ഞെടുപ്പ് ഞാന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ ജയിച്ചല്ലോ. അന്ന് ക്യാപ്റ്റന്‍ എന്ന പദവി എനിക്കു തന്നില്ല. അതെന്താ തരാഞ്ഞത്? അതിനെയൊക്കെയാണ് ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് (ഇരട്ട നിലപാട്) എന്നു പറയുന്നത്. ഞാന്‍ ജയിച്ച സമയത്ത് എന്നെ ആരും ക്യാപ്റ്റനും ആക്കിയിട്ടില്ല, കാലാള്‍പട പോലും ആക്കിയിട്ടില്ല ഒരു ചാനലും ഒരു പത്രവും. എനിക്ക് അതിലൊന്നും പരാതിയില്ല. ഞാനും ഉമ്മന്‍ചാണ്ടിയും കൂടി ജയിച്ച കാലത്ത് ആ പരിവേഷമൊന്നും ഞങ്ങള്‍ക്ക് ആരും തന്നിട്ടില്ല,' ചെന്നിത്തല പറഞ്ഞു.

ഇതിനൊക്കെ പിന്നില്‍ ഒരു പിആര്‍ പ്രവണത സംശയിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ചെന്നിത്തല പൊട്ടിച്ചിരിച്ചു. ' നമ്മളൊക്കെ എത്രയോ കാലമായി ഈ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവരാ. ഏതെങ്കിലും പത്രത്തിന്റെയോ ചാനലിന്റെയോ പിന്‍ബലത്തില്‍ അല്ലല്ലോ നമ്മളൊക്കെ നില്‍ക്കുന്നെ.' ചെന്നിത്തല മറുപടി നല്‍കി.

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാല്‍ വി.ഡി.സതീശനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണുവയ്ക്കുന്ന നേതാവാണ് ചെന്നിത്തല. സതീശന്‍ ഗ്രൂപ്പുമായി ചെന്നിത്തല വിഭാഗത്തിനു വിയോജിപ്പുകള്‍ ഉണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ചെന്നിത്തലയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :