3 ലക്ഷം കിട്ടിയതിൽ സന്തോഷം, ജോലിയായിരുന്നു ആഗ്രഹിച്ചത്; പ്രതീക്ഷ കൈവിടില്ലെന്ന് രജനി

എസ് ഹർഷ| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (08:56 IST)
സർക്കാർ സർവീസിൽ പ്യൂണായിട്ടെങ്കിലും ജോലി കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് ഇല്ലാത്ത ക്യാൻസറിനു ചികിത്സ തേടേണ്ടി വന്ന ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനി. രജനിക്ക് മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രജനി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ലഭിച്ചതിൽ സന്തോഷമുണ്ട്. ഒരു ജോലി ആയിരുന്നു പ്രതീക്ഷിച്ചത്. പ്രതീക്ഷ കൈവിടുന്നില്ല എന്നും രജനി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ രജനി കീമോതെറാപ്പിക്ക് വിധേയയായത്. കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നത്.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനിക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കീമോ തെറാപ്പി ചെയ്ത്. ചികിത്സാപിഴവിനെ കുറിച്ച് പുറത്തുവന്നപ്പോൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ട് സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. നീതി തേടി രജനിയും കുടുംബവും കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :