കോഴിക്കോട്|
VISHNU N L|
Last Updated:
ചൊവ്വ, 23 ജൂണ്‍ 2015 (16:22 IST)
കാലവര്‍ഷം കനത്താല്‍ കേരളത്തിലെ കുട്ടികള്‍ കാത്തിരിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവായിരിക്കും. എന്നാല്‍ കാലവര്‍ഷമെത്തിയിട്ടും കലക്ടറുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നുമില്ലാതെ വന്നതൊടെ സഹികെട്ട് ഒരു വിദ്യാര്‍ഥി ചോദിച്ച ചോദ്യത്തിന് കോഴിക്കൊട് ജില്ലാ കലകടര്‍ നല്‍കിയ മറുപടി ഫേസ്ബുക്കില്‍ വൈറലായി പടര്‍ന്നുകഴിഞ്ഞു.
ന്യൂജെനറേഷന്‍ കാലത്ത് ചോദ്യവും ന്യൂജെന്‍ ആകട്ടെ എന്ന് കരുതിയാണ് കോഴിക്കോട് ജില്ലാ കളക്‌ടറുടെ ഒഫിഷ്യല്‍ എഫ്‌ബി പേജില്‍ ഒരു സന്ദേശം പ്രത്യക്ഷപ്പെട്ടത്.
അതിങ്ങനെയായിരുന്നു. 'കാലവര്‍ഷം കനത്തതിനാല്‍ നാളെ വല്ലോ അവധിയും ഉണ്ടോ??' എന്നാല്‍ ചോദ്യം ചോദിച്ച വിരുതനെ അങ്ങനെയങ്ങ വിടാന്‍ കലകടറും തയ്യാറായില്ല. വന്നു ഉരുളയ്ക്കുപ്പേരിപോലൊരു മറുപടി. എയ് ഓട്ടോയിലെ ലാലേട്ടന്‍ മോഡല്‍ ഒരു മറുപടിയും കൊടുത്തു. 'ഒന്നും ഇല്ല ഗോ ടു യുവര്‍ ക്ലാസെസ്സ്'.
സംഗതി അവിടം കൊണ്ട് തീര്‍ന്നെങ്കിലും ഓണ്‍ലൈന്‍ ലോകം വെറുതെ ഇരുന്നില്ല. മിനിറ്റുകള്‍ക്കുള്ളില്‍ കളക്‌ടറുടെ പോസ്‌റ്റ് വൈറലായി. ആയിരക്കണക്കിന് ലൈക്കുകളാണ് ഇതുവരെ പോസ്‌റ്റിന് ലഭിച്ചത്. നിരവധി ഷെയറുകളും കമന്റുകളും പോസ്‌റ്റിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച രാവിലെ ഏഴരയോടെയാണ് വിദ്യാര്‍ത്ഥികളെ നിരാശരാക്കി കളക്‌ടറുടെ മറുപടി വന്നത്.
ചില കമന്റുകള്‍ക്ക് കളക്‌ടര്‍ മറുപടി കൊടുത്തിട്ടുണ്ട്. ആഗ്രഹമില്ലാഞ്ഞിട്ടല്ല കുട്ടികളെ... അവധി പ്രഖ്യാപിക്കുന്ന ദിവസം ഉറപ്പായും നല്ലവെയിലടിച്ച് കളക്‌ടറെ നാണം കെടുത്തുന്ന പതിവുണ്ട്. സംശയമുണ്ടെങ്കില്‍ ബിജു പ്രഭാകര്‍ ഐ.എ.എസിനോട് ചോദിക്കൂ. കഴിഞ്ഞ രണ്ട് കൊല്ലം ഞാന്‍ കണ്ടതല്ലേ...ഉദാഹരണത്തിന് ഇന്ന് തന്നെ എന്താ വെയില്?.. എന്ന് ഒരു കമന്റിനു മറുപടിയായും കളക്‌ടര്‍ കുറിച്ചു.