തകര്‍ത്തുപെയ്‌ത മഴയ്ക്കിടയിലും ഒന്നാംഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിംഗ്

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (17:26 IST)
തകര്‍ത്തുപെയ്‌തെങ്കിലും അതൊന്നും വോട്ടര്‍മാരുടെ ആവേശത്തെ തെല്ലും കെടുത്തിയില്ല. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിംഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വൈകുന്നേരം നാലര വരെയുള്ള കണക്കുപ്രകാരം 73 ശതമാനം പോളിംഗ് നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഇത് അന്തിമറിപ്പോര്‍ട്ടല്ല. മിക്ക ബൂത്തുകളിലും നിരവധി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കാത്തു നില്‍ക്കുന്നത്. അഞ്ചുമണിയോടെ വോട്ടെടുപ്പു സമയം അവസാനിച്ചെങ്കിലും വരിയില്‍ കാത്തുനില്‍ക്കുന്ന മുഴുവന്‍ വോട്ടര്‍മാരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചതിനു ശേഷമേ പോളിംഗ് അവസാനിക്കുകയുള്ളൂ.

തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 2005, 2010 തെരഞ്ഞെടുപ്പുകളെ മറി കടന്നേക്കുമെന്നാണ് സൂചനകള്‍. 2005ല്‍ 61.46 ശതമാനവും 2010ല്‍ 77.33 ശതമാനവും ആയിരുന്നു ഈ ജില്ലകളിലെ പോളിംഗ് ശതമാനം.
ഏഴ് ജില്ലകളിലായി 36,161 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

തിരുവനന്തപുരം- 71, കൊല്ലം- 74 എന്നിങ്ങനെയാണ് തെക്കന്‍ ജില്ലകളിലെ പോളിംഗ്. മധ്യകേരളത്തില്‍ ഇടുക്കിയില്‍ മാത്രമാണ് ഇന്നു വോട്ടെടുപ്പ്. ജില്ലയില്‍ ഇതുവരെ 73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട്- 72, വയനാട്- 73, കണ്ണൂര്‍- 75, കാസര്‍ഗോഡ്- 73 എന്നിങ്ങനെയാണ് വടക്കന്‍ ജില്ലകളിലെ പോളിംഗ് ശതമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :