രേണുക വേണു|
Last Modified വെള്ളി, 28 നവംബര്‍ 2025 (13:41 IST)
ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനു കുരുക്ക് മുറുകുന്നു. പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിക്കു കൈമാറിയ തെളിവുകളില്‍ ചിലത് ഗുരുതര സ്വഭാവമുള്ളതെന്ന് റിപ്പോര്‍ട്ട്.
അതിജീവിതയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തും. തെളിവുകളായി യുവതി കൈമാറിയവയില്‍ ശബ്ദസന്ദേശങ്ങള്‍, കോള്‍ റെക്കോര്‍ഡിങ് തുടങ്ങി ചിത്രങ്ങളും ആശുപത്രി റിപ്പോര്‍ട്ടുകളും ഉണ്ട്. ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ യുവതിയെ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഇതടക്കം തെളിവായി അതിജീവിത സമര്‍പ്പിച്ചിട്ടുണ്ട്. കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും എംഎല്‍എയുടെ അറസ്റ്റിലേക്ക് അടക്കം അന്വേഷണസംഘം കടക്കുക.
അതിജീവിത പരാതി നല്‍കിയതിനു പിന്നാലെ രാഹുല്‍ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. അതിനുശേഷം സമൂഹമാധ്യമങ്ങളിലും മറ്റു പ്രതികരണമില്ല. 'കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും.' എന്നാണ് രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പാലക്കാട്ടെ പ്രചാരണ പരിപാടികളില്‍ സജീവമായിരുന്ന രാഹുല്‍ പരാതി നല്‍കിയതിനു പിന്നാലെ ഒളിവില്‍ പോയി. പാലക്കാട്ടെ എംഎല്‍എ ഓഫീസ് ഇന്നലെ രാത്രി പൂട്ടിയ നിലയിലായിരുന്നു. ഇന്ന് രാവിലെ ഓഫീസ് തുറന്നെങ്കിലും എംഎല്‍എ എവിടെയാണെന്ന് ഓഫീസിലെ ജീവനക്കാര്‍ക്കു പോലും അറിയില്ല.