രേണുക വേണു|
Last Modified വെള്ളി, 28 നവംബര്‍ 2025 (09:07 IST)
ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കുറിച്ച് വിവരമില്ല. അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മാധ്യമങ്ങള്‍ രാഹുലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ ഒരു വിവരവുമില്ല.
അതിജീവിത പരാതി നല്‍കിയതിനു പിന്നാലെ രാഹുല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. അതിനുശേഷം സമൂഹമാധ്യമങ്ങളിലും മറ്റു പ്രതികരണമില്ല. 'കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും.' എന്നാണ് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പാലക്കാട്ടെ പ്രചാരണ പരിപാടികളില്‍ സജീവമായിരുന്ന രാഹുല്‍ പരാതി നല്‍കിയതിനു പിന്നാലെ ഒളിവില്‍ പോയി. പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയിലാണ്. എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചെന്നും കാട്ടി മുഖ്യമന്ത്രി പിണറായി വിജയനാണ് യുവതി പരാതി നല്‍കിയത്. മുഖ്യമന്ത്രി പരാതി ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിനു കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പി കെ.എസ്.സുദര്‍ശന്‍ അതിജീവിതയുടെ മൊഴിയെടുത്തു. രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.