രേണുക വേണു|
Last Updated:
വ്യാഴം, 4 ഡിസംബര്‍ 2025 (14:38 IST)
Rahul Mamkootathil: പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ പുറത്താക്കിയതായി കെപിസിസി അറിയിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ് പുറത്താക്കല്‍.
അതേസമയം പീഡനക്കേസില്‍ രാഹുലിനു മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയത്. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കി.
' രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. എഐസിസിയുടെ അനുമതിയോടെയാണ് പുറത്താക്കിയിരിക്കുന്നത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണ് രാഹുലിനു നല്ലത്. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളുടെയും ഐക്യകണ്‌ഠേനയുള്ള യോജിപ്പിലാണ് ഈ തീരുമാനം. ഇത്തരം സംഭവങ്ങളില്‍ മാതൃകാപരമായ തീരുമാനം കോണ്‍ഗ്രസ് എല്ലാകാലത്തും എടുത്തിട്ടുണ്ട്,' കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.