aparna shaji|
Last Updated:
തിങ്കള്‍, 9 ജനുവരി 2017 (12:08 IST)
ചെഗുവേരയുടെ ചിത്രങ്ങൾ ചെറുപ്പക്കാരെ വഴി തെറ്റിക്കുകയാണ് ചെയ്യുന്നതെന്നും അതിനാൽ കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും അങ്ങനെയുള്ള ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. ഗാന്ധിജിയ്ക്കും വിവേകാനന്ദനും മദർ തെരേസയ്ക്കും ഒപ്പം വെയ്ക്കാൻ കഴിയുന്ന പടമല്ല ചെഗുവേരയുടെതെന്ന് അദ്ദേഹം വ്യക്തമാക്കി.
കറുത്ത വർഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആളാണ് ചെ. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും ചിത്രങ്ങൾക്കൊപ്പമാണ് ചെയുടെ സ്ഥാനം. കമ്യൂണിസ്റ്റ് പാർട്ടിക്കു നേതാക്കളുണ്ടല്ലോ, അവരുടെ ചിത്രം വയ്ക്കട്ടെ, ഇഎംഎസിന്റെയും എകെജിയുടെയും ചിത്രം വയ്ക്കട്ടെ. ലോകത്ത് ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് അദ്ദേഹം. ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണു തീവച്ചും വെട്ടിയും ജനങ്ങളെ കൊല്ലാൻ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ ജീവിയ്ക്കാൻ കഴിയില്ലെങ്കിൽ സംവിധായകൻ
കമൽ രാജ്യം വിട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന ആളാണ് കമൽ. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോർഡ് ചെയർമാൻ സ്ഥാനം. രാജ്യത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനോടു കമലിന്റെ നിലപാടു രാജ്യത്തിനു യോജിച്ചതല്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.
കമലിന്റെ പ്രസ്താവനയെ ചൊല്ലി പ്രതിഷേധങ്ങൾ നടത്താൻ ബി ജെ പി തുടക്കം മുതലേ ഓട്ടപ്പാച്ചിലിൽ ആയിരുന്നു. കമലിനെതിരെ പ്രതിഷേധ മാർച്ച് നടത്തുക, കമലിന്റെ കോലം കത്തിക്കുക, കമലിന്റെ വീടിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുക എന്നിവയായിരുന്നു ബി ജെ പി തെരഞ്ഞെടുത്ത മാർഗങ്ങൾ.