എ കെ ജെ അയ്യർ|
Last Modified ഞായര്‍, 7 മെയ് 2023 (12:55 IST)
മലപ്പുറം: സ്വന്തം മകനോടുള്ള വിരോധം തീർക്കാൻ മാതാവ് മകന്റെ സ്‌കൂട്ടർ കത്തിക്കാൻ കൊട്ടേഷൻ കൊടുത്തതിനെ തുടർന്ന് മാതാവും സഹായികളും പോലീസ് പിടിയിലായി. മേലാറ്റൂർ പട്ടിക്കാട് മുല്ലയാർകുറിശി തച്ചാംകുന്നം നഫീസ (48) ആണ് മകൻ മുഹമ്മദ് ഷഫീഖിന്റെ സ്‌കൂട്ടർ കത്തിക്കാൻ കൊട്ടേഷൻ കൊടുത്തു മേലാറ്റൂർ പോലീസിന്റെ പിടിയിലായത്.
ഇവർക്ക് സഹായി ആയി എത്തിയ അയൽക്കാരൻ കീഴുവീട്ടിൽ മെഹബൂബ് (58), കൊട്ടേഷൻ സംഘത്തിലെ തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസ്സൈൻ (39), കൂട്ടാളി അബ്ദുൽ നാസർ (32) എന്നിവരെ മേലാറ്റൂർ സി.ഐ. കെ.ആർ.രഞ്ജിത്തിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
നഫീസയുടെ വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള വാടക ക്വർട്ടേഴ്‌സിലായിരുന്നു മുഹമ്മദ് ഷഫീക് താമസിച്ചിരുന്നത്. കഴിഞ്ഞ ഒന്നാം തീയതി പുലർച്ചെയായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ കത്തിച്ചത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ഉമ്മയും കൂട്ടാളികളും പിടിയിലായത്. കവർച്ച, പിടിച്ചുപറി, വധശ്രമം എന്നിവ ഉൾപ്പെടെ മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് കൊട്ടേഷൻ അംഗങ്ങൾക്കെതിരെ കേസുണ്ടെന്നും പോലീസ് അറിയിച്ചു.