സ്‌കൂട്ടറിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചയാൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (17:35 IST)
പാലാ : സ്‌കൂട്ടറിന്റെ ഡിക്കിയിൽ വച്ചിരുന്ന ഒരു ലക്ഷം രൂപ മോഷ്ടിച്ച് എന്ന കേസിൽ 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പട്ടിക്കാട് പൂവംചിറ ചാലിയിൽ റോയിച്ചൻ ആണ് അറസ്റ്റിലായത്. പാലാ ഗണപതിപ്ലാക്കൽ ബെന്നി എന്നയാളുടെ ഒരു ലക്ഷം രൂപയാണ് കഴിഞ്ഞ ഇരുപത്താറാം തീയതി സ്‌കൂട്ടറിൽ നിന്ന് നഷ്ടപ്പെട്ടത്.

ബെന്നി നാല് ലക്ഷം രൂപ ബാങ്കിൽ നിന്ന് പിൻവലിച്ച ശേഷം ഒരു ലക്ഷം രൂപ സ്‌കൂട്ടറിന്റെ ഡിക്കിയിലും മൂന്നു ലക്ഷം രൂപ കൈയിലും വച്ചു. വഴിയിൽ വച്ച് ഇയാൾ സ്‌കൂട്ടർ റോഡരുകിൽ വച്ചശേഷം ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് കയറിയ സമയത്തായിരുന്നു റോയിച്ചൻ പണം തട്ടിയെടുത്തത്.

ബെന്നിച്ചൻ ബാങ്കിൽ നിന്ന് പണം എടുത്ത സ്ഥലം മുതലുള്ള 72 സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. റോയിച്ചൻ ബെന്നിയെ പിന്തുടർന്നതായും പോലീസ് കണ്ടെത്തി. പണം കവർന്ന ശേഷം റോയിച്ചൻ രാമപുരത്തെ തന്റെ ബാങ്കിലെത്തി അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

തൃശൂരിൽ നിന്നാണ് റോയിച്ചനെ പിടികൂടിയത്. ഇയാളുടെ പേരിൽ നെന്മാറ, അങ്കമാലി, ആലത്തൂർ എന്നെ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :