അഭിറാം മനോഹർ|
Last Modified ശനി, 18 ജൂലൈ 2020 (11:52 IST)
സംസ്ഥാനത്ത് സ്വർണ്ണക്കള്ളക്കടത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്നും ഒഴിവാക്കാൻ സർക്കാർ തീരുമാനം. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു.
ഇ-മൊബിലിറ്റി പദ്ധതി പിഡബ്യുസി ഏൽപ്പിച്ചത് സെബി വിലക്കിയ കമ്പനിക്കാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. 2022ഓടെ പത്ത് ലക്ഷം വൈദ്യുത വാഹനങ്ങൾ ഇറക്കുന്നതാണ് ഇ-മൊബിലിറ്റി പദ്ധതി.
നേരത്തെ പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾ അസ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ശിവശങ്കർ പുറത്തായതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളിൽ പുനപരിശോധന നടത്താൻ സർക്കാർ നിർബന്ധിതമായത്.കൺസൾട്ടൻസി കരാറുകൾ പുനപരിശോധിക്കാൻ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നിർദ്ദേശിച്ചിരുന്നു.