പിഎസ്‌സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നല്‍കി: മുഖ്യമന്ത്രി

ശ്രീനു എസ്| Last Modified ചൊവ്വ, 12 ജനുവരി 2021 (14:59 IST)
പിഎസ്‌സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനങ്ങള്‍ അഴിമതി ഇല്ലാതെ സുതാര്യമായ രീതിയില്‍ നടത്തണം എന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍
മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കനുസരിച്ച് 1,51,513 പേര്‍ക്ക് പി.എസ്.സി വഴി നിയമനം/ അഡൈ്വസ് മെമ്മോ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പരമാവധി നിയമനങ്ങള്‍ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അതുവഴി നിയമനം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ആരോഗ്യ-സാമൂഹ്യനീതി മേഖലയില്‍ 5985 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി പുതുതായി 1990 തസ്തികകളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നടത്തിയിട്ടുണ്ട്.

പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 4933 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഈ രംഗത്ത് ഹയര്‍സെക്കണ്ടറി തലത്തില്‍ മാത്രം 3540 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 721 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ 27,000 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. താത്ക്കാലിക തസ്തികകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 44,000 വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :