ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി പ്രേംകുമാര്‍

നെല്‍വിന്‍ വില്‍സണ്‍| Last Updated: ശനി, 8 മെയ് 2021 (13:54 IST)

ചാനല്‍ ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യമാണ് ബിജെപി അനുഭാവി ശ്രീജിത്ത് പണിക്കരും ഇടത് ചിന്തകന്‍ പ്രേംകുമാറും. ഇരുവരും പരസ്പരം പോരടിക്കുന്ന നിരവധി ചര്‍ച്ചകള്‍ കാണാറുണ്ട്. എന്നാല്‍, ഇനി ശ്രീജിത്ത് പണിക്കരുള്ള പാനലില്‍ ഒരു ചര്‍ച്ചയ്ക്കും താനില്ലെന്ന് പ്രേംകുമാര്‍ പറയുന്നു. ശ്വാസംമുട്ടല്‍ മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു കോവിഡ് രോഗിയെ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തിനു പിന്നാലെ ശ്രീജിത്ത് പണിക്കര്‍ വിദ്വേഷപ്രചാരണം നടത്തിയതാണ് ഇങ്ങനെയൊരു തീരുമാനത്തിനു കാരണമെന്ന് പ്രേംകുമാര്‍ വ്യക്തമാക്കി.

'പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണ്‍കെ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാന്‍ എന്നെക്കൊണ്ടാവില്ല. ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല. ഇതില്‍ക്കൂടുതലൊന്നുമില്ല; ഇതില്‍ക്കുറവുമില്ല,' പ്രേംകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


അതേസമയം, റേപ്പ് ജോക്ക് പരാമര്‍ശം നടത്തിയ ബിജെപി അനുഭാവി ശ്രീജിത്ത് പണിക്കരെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നു ഒഴിവാക്കിയേക്കും. പുന്നപ്ര സഹകരണ എന്‍ജിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ (ഡി.സി.സി) കോവിഡ് രോഗിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടപ്പോള്‍ ഇയാളെ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബൈക്കില്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ വാര്‍ത്തയോട് വളരെ മോശമായാണ് ശ്രീജിത്ത് പണിക്കര്‍ പ്രതികരിച്ചത്. ശ്രീജിത്ത് പണിക്കരുടെ പരാമര്‍ശം റേപ്പ് ജോക്കാണെന്നും ഇങ്ങനെയുള്ളവരെ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് നിയോഗിക്കരുതെന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ ആവശ്യപ്പെട്ടു. ഇത്തരം ആളുകളെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഇറക്കിവിടേണ്ട സമയമായി എന്ന് 24 ന്യൂസ് മേധാവി ആര്‍.ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. മറ്റ് ചാനലുകളും ശ്രീജിത്ത് പണിക്കരെ ചര്‍ച്ചകളില്‍ നിന്നു ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :