അപർണ|
Last Modified വ്യാഴം, 15 നവംബര്‍ 2018 (13:05 IST)
നെയ്യാറ്റിന്‍കരയില്‍ സനൽ കുമാർ എന്ന യുവാവിനെ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും പ്രദേശവാസികൾ ഇനിയും ഉണർന്നിട്ടില്ല. സംഭവത്തിൽ ഡിവൈഎസ്പി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. എത്ര കിട്ടിയാലും പൊലീസുകാർ പഠിക്കില്ലെന്നതിന്റെ തെളിവാണ് കണ്ണൂർ പാടിക്കുന്നിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം വിളിച്ച് പറയുന്നത്.
കണ്ണൂർ പാടിക്കുന്നിലും സമാനമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ചു എന്ന പേരിൽ കണ്ണൂരിൽ പൊലീസ് യുവാവിനെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
മയ്യിൽ എസ്ഐ രാഘവന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പൊതുസ്ഥലത്ത് വഴിയോരത്ത് ഇരുന്ന് സിഗരറ്റ് വലിച്ചതിനാണ് എസ്ഐ യുവാവിനെ പിടികൂടുന്നത്. തുടർന്ന് പിഴയടക്കാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ പണമില്ലെന്നും പിന്നീട് അടയ്ക്കാമെന്നും യുവാവ് പറഞ്ഞതോടെ പൊലീസ് കഴുത്തിന് പിടിച്ചുതള്ളി.
എന്നാൽ തന്റെ ദേഹത്ത് കൈവെയ്ക്കരുതെന്ന് യുവാവ് പറയുന്നത് വീഡിയോയിൽ കാണാം. പക്ഷേ, ഇത് കേൾക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഇതോടെ വീണ്ടും യുവാവിന്റെ കഴുത്തിന് പിടിച്ചുതള്ളുന്നതും ഭീഷണിപ്പെടുത്തുന്നതം വിഡിയോയില്‍ കാണാം. പിഴ എഴുതിയ ശേഷം തിരിച്ച് വണ്ടിയില്‍ കയറിയ ശേഷം വീണ്ടും ഇറങ്ങി വന്ന് യുവാവിനെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയിലുണ്ട്. യുവാവിന്‍റെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്.