മാവോയിസ്റ്റിനെ പേടിച്ച് പൊലീസ് സ്റ്റേഷന്റെ സുരക്ഷ സര്‍ക്കാര്‍ ശക്തമാക്കുന്നു

മാവോയിസ്റ്റ് ഭീഷണി: പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടുന്നു

മുള്ളേരിയ| PRIYANKA| Last Updated: വ്യാഴം, 25 ഓഗസ്റ്റ് 2016 (14:16 IST)
മാവോയിസ്റ്റ് ഭീഷണിയുള്ള പ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതിനായി കാസര്‍ക്കോട് ജില്ലയിലെ അതിര്‍ത്തി പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. സ്റ്റേഷനുകള്‍ക്ക് ചുറ്റിലും കൂറ്റന്‍ മതിലുകള്‍, വാച്ച് ടവറുകള്‍ തുടങ്ങി വിവിധ തലത്തിലുള്ള സജ്ജീകരങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ആദൂര്‍, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് സ്‌റ്റേഷനുകളിലാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.

നേരത്തെയുണ്ടായിരുന്ന ചെറിയ മതിലുകള്‍ക്കു പകരം സ്റ്റേഷനുകള്‍ക്കു ചുറ്റും പത്തടി ഉയരത്തിലുള്ള മതിലാണ് നിര്‍മ്മിക്കുന്നത്. അഞ്ചടി ഉയരത്തില്‍ ചെങ്കല്ലും അതിനു മുകളില്‍ അഞ്ചടി കമ്പിവേലിയുമാണ്. ഇതിനു മുകളിലായി മുള്ളുവേലിയും സ്ഥാപിക്കും. നാലു ഭാഗത്തും പാറാവു നില്‍ക്കാനുള്ള മുറിയും സ്റ്റേഷനുകളിലേക്കുള്ള പ്രവേശന കവാടം കല്ലുകള്‍ കെട്ടി എസ് മാതൃകയിലാക്കും. മൂന്നു സ്റ്റേഷനുകളിലും മതിലിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തി.

ഓരോ സ്‌റ്റേഷനിലും മുപ്പതു ലക്ഷത്തിലേറെ രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍സ് കോര്‍പ്പറേഷനാണ് നിര്‍മ്മാണത്തിനു മേല്‍നോട്ടം വഹിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ആവശ്യത്തിനു പൊലീസുകാരില്ലാതെ ഈ സ്റ്റേഷനുകള്‍ വീര്‍പ്പുമുട്ടുകയാണ്. പൊലീസുകാരുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ കൂടി ഇതിന്റെ ഭാഗമായി വേണമെന്ന ആവശ്യവും ശക്തമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :