യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2020 (23:07 IST)
യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ ലൈംഗികച്ചുവയോടെ വീഡിയോകള്‍ ചെയ്‌ത വിജയ് പി നായര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഐ പി സി 354 വകുപ്പാണ് വിജയ് പി നായര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും ആക്‍ടിവിസ്റ്റുകളായ ദിയ സനയും ശ്രീലക്‍ഷ്‌മി അറയ്‌ക്കലും ഇയാളെ താമസ സ്ഥലത്തെത്തി ആക്രമിക്കുകയും ശരീരത്തില്‍ മഷി ഒഴിക്കുകയും ചെയ്‌തിരുന്നു. ആ രംഗങ്ങള്‍ വീഡിയോ ചിത്രീകരണം നടത്തുകയും ചെയ്‌തു. ആ വീഡിയോയില്‍ വിജയ് പി നായര്‍ മാപ്പ് പറയുന്നതും കാണാമായിരുന്നു.

തനിക്കെതിരെ ആക്രമണം നടത്തിയതിനെക്കുറിച്ച് പരാതികള്‍ ഒന്നുമില്ലെന്ന് വിജയ് പി നായര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വ്യക്‍തികളെ തിരിച്ചറിയുന്ന രീതിയില്‍ പരാമര്‍ശം നടത്തി, അവരെക്കുറിച്ച് അശ്ലീലപ്രയോഗങ്ങള്‍ നടത്തി വിജയ് പി നായര്‍ പോസ്റ്റ് ചെയ്‌ത യൂട്യൂബ് വീഡിയോ അനവധി പേര്‍ കണ്ടതാണ്. ആ വീഡിയോയ്‌ക്കെതിരെ പരാതികള്‍ കൊടുത്തിട്ടും നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധം കൂടിയായിരുന്നു തങ്ങള്‍ പ്രകടിപ്പിച്ചതെന്ന് ഭാഗ്യലക്‍ഷ്മിയും കൂട്ടരും പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :