പത്തനംതിട്ട|
JOYS JOY|
Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2015 (15:43 IST)
പ്ലാസ്റ്റിക് ഫ്രീ
ശബരിമല പദ്ധതി ഇത്തവണ വിപുലമായ പരിപാടികളോടെ മിഷന്‍ ഗ്രീന്‍ ശബരിമല എന്ന പേരില്‍ നവംബര്‍ 16 മുതല്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു. ശബരിമലയെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍നിന്നു മുക്തമാക്കി സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് നടപ്പാക്കിയ പ്ലാസ്റ്റിക് ഫ്രീ ശബരിമല പദ്ധതി, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെറിയാതെ പൂങ്കാവനത്തെ പരിപാവനമായി സംരക്ഷിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ വിജയിച്ചിരുന്നു. മിഷന്‍ ഗ്രീന്‍ ശബരിമല എന്ന പേരില്‍ ഇത്തവണ പദ്ധതി നടപ്പാക്കുന്നതിലൂടെ ഉത്തരവാദിത്വപൂര്‍ണമായ തീര്‍ഥാടനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
പമ്പയില്‍ തുണി വലിച്ചെറിയുന്നതും പമ്പ മലിനമാവുന്നതും തടയുക, പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കുക, മാലിന്യ ശേഖരണികളില്‍ മാത്രം മാലിന്യം നിക്ഷേപിക്കുക, ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ചെടുക്കക തുടങ്ങിയ പദ്ധതികളാണ് മിഷന്‍ ഗ്രീന്‍ ശബരിമലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കുന്നതിന് പമ്പ മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ നീലയും ചുവപ്പും നിറത്തിലുള്ള 200 വീപ്പകള്‍ വയ്ക്കും. മാലിന്യ മുക്ത സന്ദേശം തീര്‍ഥാടകരില്‍ എത്തിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പമ്പ രാമസ്വാമി മണ്ഡപത്തിനു സമീപം വിശാലമായ കാന്‍വാസില്‍ ഒപ്പു രേഖപ്പെടുത്തല്‍ പ്രചാരണം നടത്തും. ഈ മാസം 22 വരെ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പമ്പയില്‍ നടക്കും.
ചാലക്കയത്ത് ടോള്‍ബൂത്തിന് സമീപം വാഹനങ്ങള്‍ തടഞ്ഞ് മിഷന്‍ ഗ്രീന്‍ ശബരിമല സ്റ്റിക്കറുകള്‍ പതിക്കും. മിഷന്‍ ഗ്രീന്‍ ശബരിമല സന്ദേശം ഉള്‍പ്പെടുത്തി വീഡിയോ സി. ഡി തയ്യാറാക്കുകയും ഇവ ശബരിമലയിലേക്കെത്തുന്ന ടൂറിസ്റ്റ് ബസുകള്‍ വഴിയില്‍ തടഞ്ഞ് നല്‍കുകയും ചെയ്യും. മാലിന്യത്തിനെതിരായ ബോധവത്കരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഹൈക്കോടതിയുടെ അനുമതിക്കു വിധേയമായി പമ്പ മുതല്‍ സന്നിധാനം വരെ 30 താത്കാലിക വീഡിയോവാളുകള്‍ സ്ഥാപിക്കുന്നതു പരിഗണിക്കും. തന്ത്രി, മേല്‍ശാന്തി എന്നിവരുടെ സന്ദേശം വീഡിയോ വാളുകളിലൂടെ പ്രദര്‍ശിപ്പിക്കും. ചെങ്ങന്നൂര്‍, തിരുവല്ല, എറണാകുളം, കോട്ടയം റെയില്‍വേ സ്റ്റേഷനുകളില്‍ മാലിന്യത്തിനെതിരേ ബോധവത്കരണം നടത്തുന്നതിന് കൗണ്ടറുകള്‍ തുറക്കുന്നത് പരിഗണിക്കും. ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ അറിയിപ്പിനൊപ്പം മിഷന്‍ ഗ്രീന്‍ ശബരിമല സന്ദേശം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. പമ്പയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ശുചിത്വമിഷന്‍ ഹൃസ്വചിത്രം തയാറാക്കും. കൂടാതെ പമ്പ മുതല്‍ സന്നിധാനം വരെ 50 ബോധവത്ക്കരണ ബോര്‍ഡുകളും സ്ഥാപിക്കും.