തിരുവന്തപുരം|
Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (21:37 IST)
തോട്ടം തൊഴിലാളികളുടെ വേതന വര്‍ദ്ധന സംബന്ധിച്ച് തീരുമാനമാകാതിരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് തൊഴിലാളി യൂണിയനുകള്‍. എന്നാല്‍ എന്നാല്‍ സമരത്തില്‍ പങ്കെടുക്കില്ലെന്നും ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍.
500 രൂപ ദിവസക്കൂലി വേണമെന്ന ആവശ്യത്തില്‍ തൊഴിലാളി യൂണിയനുകള്‍ ഉറച്ചുനിന്നതോടെ പ്ലാന്‍റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. ഈ വേതനവര്‍ദ്ധനവ് സാധ്യമല്ല എന്നാണ് തോട്ടം ഉടമകളുടെ നിലപാട്. ചൊവ്വാഴ്ച വീണ്ടും പ്ലാന്‍റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേരും.
മൂന്നാറില്‍ ഐതിഹാസികമായ സമരം നടത്തിയ ‘പെമ്പിളൈ ഒരുമൈ’യെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നില്ല. വേതനവര്‍ദ്ധനവുമായി ബന്ധപ്പെട്ട് ധാരണയില്‍ എത്താന്‍ സാധിച്ചില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാന്യമായ വേതനം നല്‍കാമെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ഉടമകള്‍ പ്രതികരിച്ചത്. എന്നാല്‍ 500 രൂപ എന്ന വര്‍ദ്ധനവ് അംഗീകരിക്കനാവില്ലെന്നും കൂടുതല്‍ സമയം ആവശ്യമാണെന്നും ഉടമകള്‍ പറഞ്ഞു.