ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ അനാവശ്യമായി വേട്ടയാടുന്നെന്ന് പി കെ കൃഷ്‌ണദാസ്

ആലപ്പുഴ| JOYS JOY| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (17:37 IST)
സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ അണി നിരക്കുന്നത് കോണ്‍ഗ്രസ് - ലീഗ് - സി പി എം അവിശുദ്ധ സഖ്യമാണെന്ന് ബി ജെ പി ദേശീയസമിതി അംഗം പി കെ കൃഷ്‌ണദാസ്. ആലപ്പുഴ പ്രസ് ക്ലബിന്റെ ‘തദ്ദേശം 2015’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസ് - ലീഗ് - സി പി എം അവിശുദ്ധ സഖ്യമുണ്ട്.
ഇക്കാര്യത്തില്‍ ഈ പാര്‍ട്ടി നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. ദേശീയതലത്തില്‍ ഉണ്ടായ പരിവര്‍ത്തനത്തിന് സമാനമായ മാറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പ്
കഴിയുന്നതോടെ സംസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍, പരമ്പരാഗത മുന്നണികള്‍ തകരുന്ന കാഴ്ച കാണാം. മലപ്പുറത്ത് കോട്ടക്കലിലും പൊന്നാനിയിലും താനൂരിലും കാസര്‍കോട് ചില ഭാഗങ്ങളിലും അവിശുദ്ധ സഖ്യം നിലനില്‍ക്കുന്നുണ്ട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ ശക്തി തെളിയിക്കും.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ബി ജെ പിക്കൊപ്പം നില്‍ക്കുന്ന നേതാക്കളെയും സംഘങ്ങളെയും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് ഇത്തരം നീക്കങ്ങള്‍. മൂന്നാം ശക്തിയെ ആരംഭത്തില്‍ തന്നെ ഉന്മൂലനം ചെയ്യാനാണ് ശ്രമമെന്നും എന്നാല്‍ അത് നടക്കില്ലെന്നും കൃഷ്‌ണദാസ് പറഞ്ഞു.

എസ് എന്‍ ഡി പി പാര്‍ട്ടി ഉണ്ടാക്കുമ്പോള്‍ അതുമായി സഹകരിക്കുന്നതിനെക്കുറിച്ച് അപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും ഈ കൂട്ടുകെട്ടിന്റെ അടിത്തറ ഇളക്കുമെന്ന ജി സുധാകരന്റെ വെല്ലുവിളി ദിവാസ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ അനാവശ്യമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :