രേണുക വേണു|
Last Modified ശനി, 28 ജൂണ്‍ 2025 (20:30 IST)
'സൂംബ' വിവാദത്തില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മതസംഘടനകള്‍ക്കു വഴങ്ങേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കി. ലഹരിയെന്ന വിപത്തിനെതിരെയാണ് പോരാട്ടമെന്നും അതില്‍ കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യത്തിനു മാത്രം പരിഗണന നല്‍കിയാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
വിദ്യാര്‍ഥികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും സൂംബയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. മതമൗലികവാദികള്‍ പറയുന്നത് ചെവികൊള്ളേണ്ട ആവശ്യമില്ല. സ്‌കൂളുകളില്‍ എന്ത് വേണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നത് സര്‍ക്കാരാണ്. അതില്‍ മതസംഘടനകള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
ഇത്തരം എതിര്‍പ്പുകള്‍ ലഹരിയെക്കാള്‍ മാരകമായ വിഷം സമൂഹത്തില്‍ കലര്‍ത്തുകയും വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനു പകരം വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം നല്‍കുകയുമാണ് ചെയ്യുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ നടത്തുന്ന 'സൂംബ' ലഘുവ്യായാമം ആണ്. യൂണിഫോമില്‍ ആണ് കുട്ടികള്‍ 'സൂംബ' ചെയ്യുന്നത്. കുട്ടികളോടു അല്‍പ്പവസ്ത്രം ധരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. RTE പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍ക്കു കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. കോട്ടയ്ക്കല്‍ ചങ്കുവെച്ചി പി.എം.എസ്.എ.പി.ടി.എം എല്‍പി സ്‌കൂളിലെ കുട്ടികളുടെ
സൂംബ പരിശീലന ദൃശ്യങ്ങളും മന്ത്രി പങ്കുവെച്ചു. ഈ വീഡിയോയില്‍ കുട്ടികള്‍ വളരെ ആസ്വദിച്ചും സന്തോഷത്തോടെയും സൂംബ ചെയ്യുന്നത് കാണാം. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സ്‌കൂളുകളില്‍ കായിക വിനോദ പരിപാടി തുടരുക തന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.