ആര്‍എസ്എസ് രക്തദാഹം അവസാനിപ്പിക്കുന്നില്ല; വര്‍ഗീയ ശക്തികള്‍ കേരളത്തെ കുരുതിക്കളമാക്കാന്‍ ശ്രമിക്കുന്നു - മുഖ്യമന്ത്രി

നാട്ടില്‍ സമാധാനം ഉണ്ടാകരുതെന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നു - മുഖ്യമന്ത്രി

  RSS , pinarayi vijayan , CPM , BJP , congress , ആര്‍ എസ് എസ് , പിണറായി വിജയന്‍ , കോണ്‍ഗ്രസ് , ബി ജെ പി , ആക്രമരാഷ്‌ട്രീയം , സി പി എം
കണ്ണൂര്‍| jibin| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (17:56 IST)
ആര്‍എസ്എസിന്റെ ആക്രമണ രാഷ്‌ട്രീയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര പിന്തുണയോടെ ആർഎസ്എസ് സംസ്ഥാനത്ത് ആക്രമണോത്സുകത കാണിക്കുകയാണ്. എങ്ങും ഇവരുടെ ആക്രമണങ്ങള്‍ പെരുകുകയാണ്. മുന്‍കൂട്ടി തയാറാക്കിയ ആക്രമണമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അവര്‍ രക്തദാഹം അവസാനിപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ കേരളത്തെ കുരുതിക്കളമാക്കാന്‍ ശ്രമിക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ സിപിഎമ്മിനെയാണ് ലക്ഷ്യംവെക്കുന്നത്. കോണ്‍ഗ്രസുകാര്‍ വര്‍ഗീയതയുമായി സമരസപ്പെടുന്ന സമീപനം പലപ്പോഴും സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിനെ പഴയ ഇരുണ്ട കാലത്തിലേക്ക് കൊണ്ടുപോകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. നാട്ടില്‍ സമാധാനം നിലനില്‍ക്കരുതെന്ന് ആര്‍എസ്എസിന് നിര്‍ബന്ധമുണ്ട്. അവര്‍ കൊലപാതകം നടത്തുകയും കള്ളപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന സംസ്കാരമല്ല ഈ നാടിന്റേത്. ജാതി വിദ്വേഷവും മതവൈരവുമില്ലാത്ത നാടായി നമ്മുടെ നാടിനെ മാറ്റിയത് ശക്തമായ ഇടതുപക്ഷ മനസാണ്. ഇതിനെ അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളിപ്പുറത്ത് ആര്‍എസ്എസ് ആക്രമണത്തില്‍ മരിച്ച സിപിഎം പ്രവര്‍ത്തകന്‍ ഷിബുവിന്റെ കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :