തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (15:30 IST)
ബന്ധുനിയമന വിവാദം പാര്‍ട്ടിയില്‍ കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വ്യവസായ വകുപ്പില്‍ നടത്തിയ എല്ലാ നിയമനങ്ങളുടേയും വിശദാംശങ്ങള്‍ നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യവസായ മന്ത്രി ഇപി ജയരാജനോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മറ്റന്നാള്‍ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പരിഗണിക്കും. ഇതിനിടെ ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം ശക്തമായി.
കോടിയേരി ബാലകൃഷ്ണനുമായി കേന്ദ്രനേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. വിവാദമായിരിക്കുന്ന എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ജയരാജനെതിരെ അന്വേഷണം നടത്തുന്നതില്‍ വിജിലന്‍സ് തീരുമാനം നാളെയാണ്. പ്രതികൂലമായാല്‍ രാജിക്ക് സമ്മര്‍ദ്ദമേറും.
തിരുത്തല്‍ പ്രക്രിയ തുടങ്ങിക്കഴിഞ്ഞെന്നും വിവാദ നിയമനങ്ങള്‍ റദ്ദാക്കുന്നതില്‍ ഒതുങ്ങുന്നതല്ല നടപടികളെന്നുമാണ് കേന്ദ്ര നേതാക്കള്‍ സൂചിപ്പിക്കുന്നത്.
നിയമനവിവാദത്തെയും തിരുത്തല്‍ നടപടികളെയുംകുറിച്ച് വിശദമായ അവലോകനം അപ്പോള്‍ നടത്താമെന്നാണ് ഇപ്പോഴുള്ള ആലോചന.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ നിലനിര്‍ത്താന്‍ ജയരാജന്‍ മാറിനില്‍ക്കണമെന്ന അഭിപ്രായത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി, ജയരാജന്‍ എന്നിവര്‍ക്കിടയില്‍ തീരുമാനമുണ്ടായേക്കും.