പത്തനംതിട്ട|
BIJU|
Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (19:30 IST)
തന്ത്രിയുടെ കോന്തലയില്‍ തൂക്കിയിട്ട താക്കോലിലല്ല ശബരിമലയുടെ അധികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിയുടെയോ പന്തളം കൊട്ടാരത്തിന്‍റെയോ സ്വത്തുമല്ല ശബരിമലയെന്ന് പിണറായി വ്യക്തമാക്കി. പത്തനംതിട്ടയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല സന്ദര്‍ശിക്കാന്‍ വരുന്ന ഭക്തര്‍ക്ക് ശാന്തിയും സുരക്ഷയും സൌകര്യങ്ങളും സര്‍ക്കാര്‍ നല്‍കും. ദേവസ്വം ബോര്‍ഡിന്‍റേതാണ് ശബരിമല. അത് മനസിലാക്കി വേണം എല്ലാവരും പെരുമാറാന്‍ - പിണറായി തുറന്നടിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്ത് ചില ക്രിമിനലുകള്‍ തമ്പടിച്ചിരുന്നു. അവര്‍ക്ക് കേന്ദ്രമാക്കാനുള്ള സ്ഥലമല്ല ശബരിമല. സുപ്രീംകോടതി വിധിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ ചെയ്യില്ല.
സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കില്ല. ദേവസ്വം ബോര്‍ഡ് ഏതാനും പേരുടെ കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടിവരും. പുനഃപരിശോധനാ ഹര്‍ജിയുമായി ദേവസ്വം ബോര്‍ഡ് പോയാല്‍ തിരിച്ചുകിട്ടുന്നത് എന്തായിരിക്കുമെന്ന ബോധ്യമുണ്ടാകണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.