പരമാവധി ഇളവുകൾ നൽകുന്നുണ്ട്, വ്യാപാരികൾ മറ്റൊരു രീതിയിലേക്ക് പോയാൽ നേരിടുമെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂലൈ 2021 (19:52 IST)
സർക്കാർ പ്രഖ്യാപിക്കുന്ന ഇളവുകൾക്ക് കാത്തുനിൽക്കില്ലെന്നും വ്യാഴാ‌ഴ്‌ച്ച ഉൾപ്പടെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കടകൾ തുറക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹമെന്നും എന്നാൽ സാഹചര്യം അതിന് സമ്മതിക്കുന്നില്ല എന്നാണ് വസ്‌തു‌ത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും അവരുടെ ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. എന്നാൽ മറ്റൊരു രീതിയിലേക്ക് പോയാൽ ഇതിനെ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

എല്ലാ ദിവസങ്ങളിലും കടകൾ തുറക്കാൻ അനുവദിക്കില്ല. സാഹചര്യമനുസരിച്ച് പരമാവധി ഇളവുകൾ നൽകുന്നുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള കടകള്‍ക്ക് എട്ട് മണി വരെ പ്രവര്‍ത്തനാനുമതി നല്‍കും. ഓൺലൈൻ പഠനം നടക്കുന്ന സാഹചര്യമുള്ളതിനാൽ കൂടുതൽ ഇലക്‌ട്രോണിക് കടകൾ തുറക്കാൻ അനുവദിക്കും.

സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :