ജിഷ വധക്കേസ് അന്വേഷണം എഡിജിപി ബി സന്ധ്യക്ക്; യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കും, ആവശ്യസാധനങ്ങളുടെ വില പിടിച്ചു നിര്‍ത്തും- ജനക്ഷേമ പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കി ആദ്യ മന്ത്രിസഭാ

നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് അസംതൃപ്‌തിയുണ്ട്

ജിഷ വധക്കേസ് , പിണറായി വിജയന്‍ , തെരഞ്ഞെടുപ്പ് , ജിഷ
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 26 മെയ് 2016 (11:57 IST)
പെരുമ്പാവൂരിലെ കൊലപാതക്കേസിലെ നിലവിലെ അന്വേഷണം പരാജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തിനായി എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ ടീമിനെ നിയോഗിക്കും. കേസിന്റെ പ്രാഥമിക അന്വേഷണം മുതല്‍ പൊലീസിന് വീഴ്‌ചകളാണ് സംഭവിച്ചിരിക്കുന്നത്. മഹസര്‍ എഴുതിയതു മുതല്‍ മൃതദേഹം ദഹിപ്പിച്ചതുവരെ അസാധാരണ സംഭവങ്ങളാണ് ഉണ്ടായതെന്നും സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിനു ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് അസംതൃപ്‌തിയുണ്ട്. ഇത് സര്‍ക്കാരിന് കാണാതിരിക്കാന്‍ പറ്റില്ല. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ ടീമായിരിക്കും കേസ് അന്വേഷിക്കുക. ജിഷയുടെ വീടിന്റെ നിര്‍മാണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കും. അതിന്റെ ഉത്തരവാദിത്വം കളക്‍ടറെ ഏല്‍പ്പിച്ചു. ജിഷയുടെ അമ്മ രാജേശ്വരിക്ക് മാസം 5000 രൂപ പെന്‍‌ഷനായി നല്‍കും. സഹോദരിക്ക് ജോലി ഉടന്‍ നല്‍കുമെന്നും പിണറായി വ്യക്തമാക്കി. ജനുവരി ഒന്നിന് ശേഷം
യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എകെ ബാലന്റെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനില്‍കുമാര്‍ എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളാണ്.

ആവശ്യസാധനങ്ങളുടെ വില പിടിച്ചു നിര്‍ത്തേണ്ടത് അനിവാര്യമായതിനാല്‍ സിവില്‍ സപ്ലൈസ് ശക്തിപ്പെടുത്തും. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട അഴിമതികള്‍ തടയുന്നതിനായി പരിശോധനകള്‍ നടപ്പാക്കും. നല്ല നിലയില്‍ പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴുള്ള ക്ഷേമ പെൻഷനുകൾ കൊടുത്തുതീർക്കും. പെൻഷനുകൾ വർദ്ധിപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. 1000 രൂപയാക്കാനായിരുന്നു തീരുമാനം. വീടുകളിൽ പെൻഷൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കും. ഇതെങ്ങനെ നടപ്പാക്കണമെന്ന് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ പതിമൂന്നാം
പഞ്ചവൽസര പദ്ധതികൾക്കു രൂപം നൽകേണ്ടതുണ്ട്. കേരളത്തിൽ പ്ലാനിങ് ബോർഡ് ഉണ്ടാകും. മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾ അടിയന്തരമായി നടത്തും. അതിന്റെ ഭാഗമായി 27ന് രാവിലെ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചുചേർക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മദ്യനയത്തിന്റെ കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ഈ വിഷയം വഴിയേ പരിശോധിക്കും. മന്ത്രിമാര്‍ക്കു സ്വീകരണം നല്‍കുന്ന ചടങ്ങുകളില്‍ കുട്ടികളെയും സത്രീകളെയും ഒഴിവാക്കാണം. പിഎസ്സി ലിസ്റ് ഇല്ലാത്ത ഡിപ്പാര്‍ട്ട്മെന്റുകള്‍ തിട്ടപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക വിഷയങ്ങള്‍ പിഎസ്സിയുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :