തിരുവനന്തപുരം|
aparna shaji|
Last Modified ബുധന്‍, 25 മെയ് 2016 (18:52 IST)
സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതകൾ ഒരുമിച്ച് മന്ത്രിസഭയിൽ എത്തുന്നു. വനിതാ പ്രാതിനിധ്യത്തിൽ ചരിത്രം കുറിച്ചാണ് പിണറായി മന്ത്രിസഭ അധികാരമേറ്റത്. ജെ മേഴ്സിക്കുട്ടിയമ്മ,
കെ കെ ഷൈലജ എന്നിവരാണ് പിണറായി മന്ത്രിസഭയിൽ എത്തിയത്. ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകൾ കെ കെ ഷൈലജയ്ക്കും ഫിഷറീസ്, പരമ്പരാഗത വ്യവസായം എന്നീ വകുപ്പുകൾ ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും നൽകി.
സംസ്ഥാനത്ത് 1957നു ശേഷം ഇതുവരെയുള്ള 13 നിയമസഭകളുടെ കാലത്ത് അധികാരത്തില്‍ വന്നിട്ടുള്ള 21 മന്ത്രിസഭകളില്‍ ഒമ്പതെണ്ണത്തില്‍ വനിതകള്‍ ഉണ്ടായിരുന്നില്ല. പന്ത്രണ്ട് മന്ത്രിസഭകളില്‍ ഓരോസ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍ ആകെ മന്ത്രിമാരായ സ്ത്രീകളുടെ എണ്ണം ആറുമാത്രം. കെ ആര്‍ ഗൌരിയമ്മ (1957,1967,1980, 1987, 2001, 2004), എം കമലം (1982), എം ടി പത്മ (1991, 1995), സുശീലാഗോപാലന്‍,(1996) പി കെ ശ്രീമതി (2006), പി കെ ജയലക്ഷ്മി (2011) എന്നിവരാണിവര്‍. ഇവരില്‍ കെ ആര്‍ ഗൌരിയമ്മ ആറ് മന്ത്രിസഭകളിലും എം ടി പത്മം രണ്ട് മന്ത്രിസഭകളിലും അംഗമായി. മറ്റുള്ളവര്‍ ഓരോ തവണ മാത്രം മന്ത്രിമാരായവരാണ്.
പതിനാലാം നിയമസഭയിലേക്ക് എട്ട് സ്ത്രീകളാണ് വിജയിച്ചത്. എല്ലാവരും എൽ ഡി എഫിൽ നിന്നുള്ളവരും. എൽ ഡി എഫിൽ നിന്ന് 17 ഉം യു ഡി എഫിൽ നിന്ന് ഒമ്പതും സ്ത്രീകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. യു ഡി എഫ് വനിതാ സ്ഥാനാര്‍ത്ഥികള്‍ ആരും ജയിച്ചില്ല. എന്‍ഡിഎക്ക് സി കെ ജാനു അടക്കം 12 വനിതാ സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. എല്ലാവരും തോറ്റു. സ്വതന്ത്രരടക്കം ആകെ 109 വനിതകള്‍ ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
സി പി ഐ എം–കെ കെ ശൈലജ (കൂത്തുപറമ്പ്), പ്രതിഭാ ഹരി(കായംകുളം), വീണ ജോര്‍ജ് (ആറന്‍മുള), ജെ മേഴ്സിക്കുട്ടിയമ്മ (കുണ്ടറ),അയിഷാ പോറ്റി (കൊട്ടാരക്കര).സി പി ഐ–ഗീത ഗോപി (നാട്ടിക),
ഇ എസ് ബിജിമോള്‍ (പീരുമേട്), സി കെ ആശ (വൈക്കം)
എന്നിവരാണ് എൽ ഡി എഫില്‍ നിന്ന് വിജയിച്ചത്.