തിരുവനന്തപുരം|
rahul balan|
Last Updated:
ബുധന്‍, 25 മെയ് 2016 (19:22 IST)
കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിണറായി വിജയനടക്കം 19 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. സിനിമ, സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാനായി തിരുവനന്തപുരം സെന്റ്രല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സെന്റ്രല്‍ സ്റ്റേഡിയത്തില്‍ എത്തി.
പത്തൊമ്പതംഗ മന്ത്രിസഭയില്‍ 13 പേരും പുതുമുഖങ്ങളാണ്. സി പി എം നേതൃത്വത്തിലുള്ള ആറാമത്തെ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. മന്ത്രിമാരെ പരിചയപ്പെടാം.
ഇ പി ജയരാജൻ - വ്യവസായം, കായികം
വിദ്യാര്‍ത്ഥി ജീവിതത്തില്‍ തന്നെ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ മുതിര്‍ന്ന നേതാവാണ് ഇ പി ജയരാജന്‍. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ അമരക്കാരില്‍ ഒരാളും ദീഘകാലം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. നിയമസഭയില്‍ ഇത് മൂന്നാം തവണയാണ്. 1991ല്‍ അഴീക്കോട്ടും 2011ലും 2016ല്‍ മട്ടന്നൂരില്‍ നിന്നും വിജയിച്ചു.
രാഷ്ട്രീയത്തിന് പുറമെ നാടക വേദികളിലും നിറഞ്ഞുനിന്ന കലാകാരന്‍ കൂടിയായിരുന്നു ജയരാജന്‍. പാര്‍ട്ടി വേദികളില്‍ തന്റെ പ്രസംഗത്തിലൂടെ അണികളെ കയ്യിലെടുക്കാനുള്ള കഴിവ് ജയരാജനെ എന്നും വ്യത്യസ്തനാക്കുന്നു. കഴിഞ്ഞ 16 വർഷമായി കണ്ണൂര്‍ ജില്ലയിലെ പ്രമുഖ വൃദ്ധസദനത്തിന്റെ ചെയർമാൻ കൂടിയാണ്. ഇവിടത്തെ അന്തേവാസികളായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം ജയരാജന് നല്‍കിയത്. 1995 ഏപ്രിൽ 12ന് പതിനഞ്ചാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ തീവണ്ടിയിൽ വച്ച് വാടകക്കൊലയാളികളുടെ വെടിയേറ്റു. കഴുത്തിൽ തുളഞ്ഞു കയറിയ വെടിയുണ്ട ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പലവേദികളിലും ജയരാജന്‍ പറയാറുണ്ട്.ഭാര്യ: ജില്ലാ ബാങ്ക് ഉദ്യോഗസ്‌ഥയായ ഇന്ദിര. മക്കൾ: ജയ്‌സൺ, ജിതിന്ദ് രാജ്.
ഡോ ടി എം തോമസ് ഐസക് - ധനകാര്യം
നിരവധി ജനകീയ പ്രശ്നങ്ങള്‍ക്ക് എന്നും വ്യത്യസ്തമായ രീതിയില്‍ പരിഹാരം കാണുന്ന തോമസ് ഐസക്കിന്റെ കഴിവ് കേരളം അംഗീകരിച്ചതാണ്. ആലപ്പുഴയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത് ഇതില്‍ ഒന്നുമാത്രം. 2001ല്‍ മാരാരിക്കുളത്ത് നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2011 മുതൽ ആലപ്പുഴ എം എൽ എയാണ്. 1991ൽ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായി. നിലവിൽ കേന്ദ്രകമ്മിറ്റി അംഗമാണ്. 1975ൽ എസ് എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്റായ തോമസ് ഐസക് അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1979ൽ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്. ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റ് നേടി. 1989ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘കേരളം: മണ്ണും മനുഷ്യനും’ ഉൾപ്പെടെ അൻപതിലേറെ ഗ്രന്ഥങ്ങളുടെ രചിച്ചിട്ടുണ്ട്. മക്കൾ: സാറ, ഡോറ. അമ്പലപ്പുഴ ചിറക്കോട് കാനയ്ക്കാപ്പള്ളി വീട്ടിൽ പരേതനായ ടി പി മാത്യുവിന്റെയും സാറാമ്മയുടെയും മകനാണ്.
കെ കെ ശൈലജ - ആരോഗ്യം, സാമൂഹിക ക്ഷേമം
നിരവധി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് തളരാത്ത പോരട്ട വീര്യത്തിന് ഉടമയായ കെ കെ ശൈലജ ഡി വൈ എഫ് ഐ സംസ്‌ഥാന സമിതി അംഗം, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്‌ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുത്തങ്ങ സമരത്തിനിടെ നടത്തിയ എസ് പി ഓഫിസ് മാർച്ചിൽ ലാത്തിച്ചാർജേറ്റ് തലപൊട്ടി ചോരയൊലിക്കുന്ന ശൈലജയുടെ മുഖം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമാണ്. ഡി വൈ എഫ് ഐ നേതാവ് ഭാസ്‌കരനാണ് ഭര്‍ത്താവ്.
ശിവപുരം സ്കൂളില്‍ അധ്യാപികയായിരുന്നു. 2006ൽ അധ്യാപകജോലിയിൽ നിന്നു സ്വയം വിരമിച്ച ശേഷം മുഴുവന്‍ സമയ പാർട്ടി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഭർത്താവ് കെ ഭാസ്കരൻ മട്ടന്നൂർ നഗരസഭാ അധ്യക്ഷനാണ്. മക്കൾ: ശോഭിത്ത്, ലസിത്ത്.
എ കെ ബാലൻ - നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം
തൊഴിലാളി കുടുംബത്തില്‍ ജനിച്ചതുകൊണ്ടുതന്നെ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ എന്നും സജീവമായി ഇടപെടാറുള്ള ഇടതുപക്ഷ നേതാവാണ് എ കെ ബാലന്‍. 1948 ആഗസ്റ്റ് മൂന്നിനാണ് ജനനം. 2006 വി എസ് മന്ത്രിസഭയിലെ പട്ടികജാതി-പട്ടികവർഗ്ഗം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. സി പി എം സംസ്ഥാന കമ്മറ്റിയംഗം ആണ്. 2015 മുതൽ സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗമാണ്. ഇത്തവണ പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിൽ നിന്നും വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.
എസ് എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. 1980ൽ ഒറ്റപ്പാലത്തു നിന്ന് ലോക്സഭയിലെത്തി. ആരോഗ്യവകുപ്പ് മുൻ ഡയറക്ടറായിരുന്ന ഭാര്യ ജമീല ഒറ്റപ്പാലം വാണിയംകുളം പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മെഡിക്കൽ സൂപ്രണ്ടാണ്. മക്കൾ: നവീൻ, നിഖിൽ.
ടി പി രാമകൃഷ്ണൻ - എക്സൈസ്, തൊഴില്‍
ദീഘകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ടി പി രാമകൃഷ്ണന്‍ ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കടത്തുകാരനായിരുന്ന താഴത്തെ പറമ്പിൽ ശങ്കരനാണ്
അച്ഛൻ. ഇരുപതാം വയസ്സിൽ കീഴരിയൂർ ജയശ്രീ ചിട്ടിഫണ്ടിൽ ബിൽ കലക്ടറായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് മുതലക്കുളത്ത് ദേശാഭിമാനി ബുക്സ്റ്റാളിൽ സെയിൽസ്മാനായി.
1969ല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. പാർട്ടി അലവൻസും ട്രേഡ് യൂണിയൻ പ്രവർത്തനത്തിനു ലഭിക്കുന്ന അലവൻസുമായിരുന്നു വരുമാനം. 2001ൽ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ എം കെ നളിനി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സി പി എം ജില്ലാ കമ്മിറ്റി അംഗവുമാണ്. മക്കൾ: രജുലാൽ, രഞ്ജിനി.
ജി സുധാകരൻ - പൊതുമരാമത്ത്, റജിസ്ട്രേഷന്‍
1967-ൽ പഠനകാലത്ത് തന്നെ സി പി എം അംഗമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു. 1971-ൽ എസ് എഫ് ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ് എഫ് ഐയുടെ ആദ്യകാല കേന്ദ്ര എക്സിക്യുട്ടീവ് സമിതി അംഗമായിരുന്നു.
ട്രേഡ് യൂണിയൻ നേതാവും സി പി എം സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. കായംകുളത്തുനിന്ന് 1996-ൽ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006-ൽ അമ്പലപ്പുഴയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് വിദ്യാർത്ഥികളുടെ ജാഥ നയിച്ച അദ്ദേഹം പോലീസ് മർദ്ദനവും അറസ്റ്റും, തിരുവനന്തപുരം സബ് ജയിലിലും സെൻട്രല്‍ ജയിലിലുമായി 3 മാസത്തെ ജയിൽ വാസവും ഏറ്റുവാങ്ങി. സി ഐ ടി യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1984 മുതൽ '95 വരെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായിരുന്നു. അഞ്ചു തവണ കേരള സർവകലാശാലയുടെ ഫിനാൻസ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ എസ് ഡി കോളജ് അധ്യാപിക ഡോ ജൂബിലി നവപ്രഭയാണു ഭാര്യ. മകൻ നവനീത്.
എ സി മൊയ്തീൻ - സഹകരണം, ടൂറിസം
വായനശാല കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് എ സി മൊയ്തീൻ പാർട്ടിയിലെത്തിയത്.
വടക്കാഞ്ചേരി പനങ്ങാട്ടുകര കല്ലമ്പാറ ആക്കപ്പറമ്പിൽ പരേതരായ ചിയാമുവിന്റെയും ഫാത്തിമാബീവിയുടെയും മകനായി ജനിച്ചു. 1988-ൽ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായി. 1990-ൽ വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായി. 2006-ൽ ജില്ലാ സെക്രട്ടേറിയറ്റിലും 2011-ൽ ജില്ലാ സെക്രട്ടറിയുമായി. ഭാര്യ കൊല്ലം സ്വദേശിനി എസ്. ഉസൈബാ ബീവി എരുമപ്പെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ‍്. ഷീബ ഏക മകൾ.
കടകംപള്ളി സുരേന്ദ്രൻ - വൈദ്യുതി, ദേവസ്വം
സി പി എം നടത്തുന്ന സമരമുഖത്ത് എന്നും സജീവ സാന്നിധ്യമാണ് കടകംപള്ളി സുരേന്ദ്രൻ. തലസ്ഥാനത്തു നടക്കുന്ന സി പി എമ്മിന്റെ സമരങ്ങൾ നയിക്കുന്നതും നിയന്ത്രിക്കുന്നതും കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെ കാലമായി കടകംപള്ളിയാണ്. 1996ൽ കഴക്കൂട്ടത്ത് നിന്നാണ് നിയമസഭയില്‍ എത്തിയത്. 2007 മുതൽ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി ഈ തെരഞ്ഞെടുപ്പിനു മുൻപാണ് പദവിയൊഴിഞ്ഞത്. സി പി എം സംസ്ഥാന കമ്മിറ്റി അംഗം, കേരള സർവകലാശാലാ സിൻഡിക്കറ്റ് അംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു.
കടകംപള്ളി ഗ്രാമപഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, പ്രഥമ ജില്ലാ കൗൺസിൽ അംഗം, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്, സംസ്‌ഥാന സഹകരണബാങ്ക് പ്രസിഡന്റ് സ്‌ഥാനങ്ങളും വഹിച്ചു. മാധവപുരം യു പി എസ്, സെന്റ് ജോസഫ്‌സ് സ്‌കൂൾ, ചെമ്പഴന്തി എസ് എൻ കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുമല എ എം എച്ച് എസ് എസ് അധ്യാപിക സുലേഖയാണ് ഭാര്യ. മക്കൾ: അരുൺ, അനൂപ് .
ജെ മേഴ്സിക്കുട്ടിയമ്മ - പരമ്പരാകത വ്യവസായം, ഫിഷറീസ്
ഇടതുപക്ഷത്തെ കരുത്തുറ്റ വനിതാ നേതാവാണ് ജെ മേഴ്സിക്കുട്ടിയമ്മ. ആർ എസ് പി പ്രാദേശിക നേതാവും കർഷകനുമായിരുന്ന മൺറോത്തുരുത്ത് മുല്ലശേരിൽ ഫ്രാൻസിസിന്റെ മൂന്നാമത്തെ മകളായി ജനിച്ചു. തിരുവനന്തപുരം ലോ അക്കാദമിയിൽ അവസാന വർഷ വിദ്യാർത്ഥിയായിരിക്കെ കുണ്ടറയിൽ നിന്നു കന്നി മത്സരത്തിൽ ജയിച്ചു നിയമസഭാംഗമായി. തൊട്ടടുത്ത വർഷം അന്നത്തെ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പുമായി വിവാഹം. 1995 മുതൽ സംസ്ഥാന കമ്മിറ്റിയംഗം. സി ഐ ടിയു ദേശീയ വൈസ് പ്രസിഡന്റു കൂടിയായ മേഴ്സിക്കുട്ടിയമ്മ വിദ്യാഭ്യാസ കാലം മുതൽ പാർട്ടി സമരങ്ങളുടെ മുൻനിരയിലുണ്ട്.
പ്രഫ സി രവീന്ദ്രനാഥ് - വിദ്യാഭ്യാസം
കുട്ടികളെ എന്നും സ്നേഹിച്ചിരുന്ന രവീന്ദ്രനാഥ് അധ്യാപക രംഗത്ത് എന്നും മാതൃകയായിരുന്നു. നാട്ടുകാരെ കൃഷിയിലേക്ക് ആകര്‍ഷിച്ചതിലൂടെ മദ്യപാനശീലത്തിൽ വൻകുറവുണ്ടാക്കാനും കഴിഞ്ഞു. കൊടകര മണ്ഡലത്തിലെ പാലിയേക്കര ലക്ഷ്മിഭവനിൽ റിട്ട ഹെഡ്മാസ്റ്റായ പീതാംബരൻ കർത്താവിന്റെയും ലക്ഷ്മിക്കുട്ടിക്കുഞ്ഞമ്മയുടെയും മൂത്തമകനാണ്. സെന്റ് തോമസ് കോളജിൽനിന്ന് എം എസ് സി കെമിസ്ട്രിയിൽ ഉയർന്നവിജയം കരസ്ഥമാക്കിയ അദ്ദേഹം അവിടെത്തന്നെ രസതന്ത്രം അധ്യാപകനായി.
ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ജില്ലാ കൺവീനറായും ജില്ലാ ആസൂത്രണ സമിതിയുടെ വൈസ് ചെയർമാനായും ജനകീയാസൂത്രണ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനായി രൂപീകരിച്ച സംസ്ഥാന പ്ലാനിങ് ബോർഡിന്റെ കൺസൽറ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. പ്രഫ വിജയമാണ് രവീന്ദ്രൻമാസ്റ്ററുടെ ഭാര്യ. കേരളവർമ കോളജ് റിട്ട. അധ്യാപികയാണ്. ജയകൃഷ്ണൻ (സീനിയർ മാനേജർ, സി എം ആർ എൽ, ആലുവ), ഡോ ലക്ഷ്മീദേവി (ടെക്‌സസ്, അമേരിക്ക) എന്നിവരാണ് മക്കൾ.
കെ ടി ജലീൽ - തദ്ദേശസ്വയംഭരണ വകുപ്പ്
ചരിത്രകാരനും കോളേജ് അദ്ധ്യാപകനുമായ ജലീൽ, മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ്. കുറ്റിപ്പുറം ഗവ ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസും ചേന്ദമംഗലൂർ ഇസ്ലാമിയ കോളേജിൽ നിന്ന് പ്രീഡിഗ്രിയും വിജയിച്ചു. തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1994 ൽ കാലികറ്റ് സർവകലാശാലയിൽ നിന്ന് എം ഫിൽ കരസ്ഥമാക്കി. 2006 ൽ ഡോ ടി ജമാൽ മുഹമ്മദിന്റെ കീഴിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ട്രേറ്റ് നേടി. 1990 ൽ പി എസ് എം ഒ കോളേജിലെ യൂനിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994 ൽ പി എസ് എം ഒ കോളേജിൽ ചരിത്രാധ്യപകനായി നിയമിതനായി.
ഭാര്യ: എം പി ഫാത്തിമക്കുട്ടി (വളാഞ്ചേരി എച്ച് എസ് എസ് പ്രിൻസിപ്പൽ). മക്കൾ: അസ്മാ ബീവി (യു എസിൽ എം എസ് വിദ്യാർത്ഥിനി), മുഹമ്മദ് ഫാറൂഖ് (ഡൽഹി സർവകലാശാലയിൽ ഡിഗ്രി വിദ്യാർത്ഥി), സുമയ്യ ബീഗം (പ്ലസ്ടു). മരുമകൻ: അജീഷ് (യു എസ്).
പി ശ്രീരാമകൃഷ്ണൻ - സ്പീക്കര്‍
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ 1967 നവംബർ 14-ന് പി ഗോവിന്ദൻ നായരുടെയും സീതാ ലക്ഷ്മിയുടെയും മകനായിട്ടാണ് പി രാമകൃഷ്ണൻ ജനിച്ചത്. ഒറ്റപ്പാലം എൻ എസ് എസ് കോളേജിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബി എ, ബി എഡ്. എന്നീ ബിരുദങ്ങളുണ്ട്.
1980-ൽ കീഴാറ്റൂർ പഞ്ചായത്തിലെ ദേശാഭിമാനി ബാലസംഘത്തിന്റെ സെക്രട്ടറി ആയിരുന്നു.
യുവധാരാ മാസികയുടെ' മാനേജിങ്ങ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെ യൂത്ത് വെൽഫെയർ ബോർഡിന്റെ വൈസ് ചെയർമാനയിരുന്നു. ഇപ്പോൾ പെരിന്തൽമണ്ണയിലെ ഇ എം എസ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഡയറക്ടറാണ്. പൊന്നാനി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 2011-ൽ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ: ദിവ്യ (വെട്ടത്തൂർ എയുപി അധ്യാപിക). മക്കൾ: നിരഞ്ജന , പ്രിയരഞ്ജൻ.
ഇ ചന്ദ്രശേഖരൻ - റവന്യൂവകുപ്പ്
പാർട്ടി പ്രവർത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പഠനം ഉപേക്ഷിച്ചു. പിന്നെ മുഴുവൻ സമയ രാഷ്ട്രീയക്കാരനായി. എ ഐ വൈ എഫിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങി. എ ഐ വൈ എഫ് കാസർകോട് താലൂക്ക് സെക്രട്ടറി, അവിഭക്‌ത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്‌ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ മികവുകാട്ടിയ ചന്ദ്രശേഖരൻ 1976 മുതൽ സി പി ഐ സംസ്ഥാന കൗൺസിലിലുണ്ട്. ആദ്യമായി ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടത് 1979 –ലായിരുന്നു. 1987 മുതൽ 1998 വരെ സി പി ഐയുടെ ജില്ലാ സെക്രട്ടറിയായി. 2005 മുതൽ സംസ്‌ഥാന സെക്രട്ടേറിയറ്റിലും അംഗമായി. ഭാര്യ: സി പി ഐ അംഗമായ സാവിത്രി. മകൾ: എ ഐ എസ് എഫ് പ്രവർത്തകയായ നീലി ചന്ദ്രൻ
(കാര്യവട്ടം ക്യാംപസിൽ എം ഫിൽ വിദ്യാർത്ഥിനി).
വി എസ് സുനിൽകുമാർ - കൃഷിവകുപ്പ്
അതിവിപുലമായ സൗഹൃദംകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയായിരുന്നു സുനിൽകുമാര്‍. സി പി ഐ നിയമസഭാകക്ഷി സെക്രട്ടറിയും നിയമസഭാ അഷ്വറൻസ് കമ്മിറ്റി ചെയർമാനുമായിരുന്നു. വിദ്യാർഥി, യുവജന നേതാവായിരിക്കേ അനവധി സമരങ്ങൾക്കു നേതൃത്വം നൽകി. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളജ് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രിക് ലാത്തികൊണ്ട് അടിയേറ്റ ആളാണു വി എസ് സുനിൽകുമാർ. തല തകർന്നു മാസങ്ങളോളമാണ് ആശുപത്രിയിൽ കിടന്നത്.
നിലവിൽ സി പി ഐ സംസ്ഥാന എക്‌സി. കമ്മിറ്റി അംഗമാണ്. 2006ൽ ചേർപ്പ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2011ൽ കയ്പമംഗലത്തുനിന്നും വിജയിച്ചു. അഡ്വ രേഖ സുനിൽകുമാറാണു ഭാര്യ. മകൻ: നിരഞ്ജൻ കൃഷ്ണ
പി തിലോത്തമൻ - ഭക്ഷ്യ സിവില്‍സപ്ലൈസ്
ചേർത്തല തെക്ക് കുറുപ്പൻകുളങ്ങര വട്ടത്തറയിൽ പരേതരായ പരമേശ്വരന്റെയും ഗൗരിയുടെയും മകനായ തിലോത്തമൻ ബിരുദധാരിയാണ്. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. കയർതൊഴിലാളി ഫെഡറേഷൻ പ്രസിഡന്റും ചേർത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ, ചേർത്തല കയർഫാക്ടറി വർക്കേഴ്‌സ് യൂണിയൻ, കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപറേഷൻ എംപ്ലോയിസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റുമാണ്. തീരദേശ മത്സ്യ ചുമട്ടുതൊഴിലാളി യൂണിയൻ, കേരള സ്‌റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ എന്നിവയുടെ താലൂക്ക് പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഭാര്യ: വി ഉഷ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്). മക്കൾ: അമൃത, അർജുൻ
അഡ്വ കെ രാജു - വനം
പൊതുപ്രവര്‍ത്തന രംഗത്ത് എതിരാളികള്‍ക്ക്പോലും രാജുവിനേക്കുറിച്ച് മോശമായി ഒന്നും പറയാന്‍ ഉണ്ടാകില്ല. കൈക്കൂലി വാങ്ങിയെന്നോ സ്വജനപക്ഷപാതം കാട്ടിയെന്നോ ആരോപണമുയർന്നാൽ അക്ഷണം പൊതുപ്രവർത്തനം നിർത്തുമെന്ന രാജുവിന്റെ വാക്ക് പുനലൂരുകാർ അത്രയേറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തന ശൈലിയില്‍ എന്നും മാതൃകാപരമായ സമീപനമായിരുന്നു കെ രാജു പുലര്‍ത്തിയത്. അതുകൊണ്ട് തന്നെ ജനങ്ങളുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ്.
വി ശശി - ഡപ്യൂട്ടി സ്പീക്കര്‍
സി പി ഐ ജില്ലാ കൗൺസിൽ അംഗവും കർഷകത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. എ വേലുവിന്റെയും കെ ശാരദയുടെയും മകൻ. തിരുവനന്തപുരം മെഡിക്കൽകോളജ് പാലൂർ ലെയ്‌നിൽ പൊയ്കയിലാണു താമസം. സെന്റ് ജോസഫ് എച്ച് എസ്, ഫോർട്ട് ഹൈസ്‌കൂൾ, ആർട്‌സ് കോളജ്, തിരുവനന്തപുരം എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. എം എസ് സി എൻജിനീയറിങ് പൂർത്തിയാക്കി 1984ൽ ഡപ്യൂട്ടി ഡയറക്ടറായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ഹാന്റ്‌ലൂം, കയർ ഫെഡ് ഡയറക്ടറായും ആർട്ടിസാൻസ് ഡവലപ്‌മെന്റ് കോർപറേഷൻ, കിൻഫ്ര, ഹാൻടെക്‌സ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായുംപ്രവർത്തിച്ചു.
കണ്ണൂർ സ്പിന്നിങ് മിൽ, മലപ്പുറം സ്പിന്നിങ് മിൽ, കുറ്റിപ്പുറം, തൃശൂർ, കൊല്ലം കൈത്തറി സഹകരണ സംഘങ്ങളുടെ ചെയർമാൻ സ്ഥാനവും വഹിച്ചു. വിരമിച്ചശേഷം കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ സ്ഥാനങ്ങൾ വഹിച്ചു. 2011ൽ ചിറയിൻകീഴ് എംഎൽഎയായി. സുമയാണു ഭാര്യ. രേഷ്മ, രാകേഷ് എന്നിവർ മക്കളാണ്.
രാമചന്ദ്രൻ കടന്നപ്പള്ളി - തുറമുഖം
'സാങ്കേതിക വിദ്യാഭ്യാസം നേടിയ അനുജനു ജോലി ലഭിക്കാൻ സഹപ്രവർത്തകരോട് ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു. ജോലിവാങ്ങിക്കൊടുക്കാൻ അമ്മ പലതവണ പറഞ്ഞതാണ്', പക്ഷേ അവസരങ്ങൾ ഒട്ടേറെ മുന്നിൽ കിടന്നപ്പോഴും അവസരവാദിയെന്ന ചീത്തപ്പേരു കേൾപ്പിക്കാൻ കടന്നപ്പള്ളി ഒരുക്കമല്ലായിരുന്നു. അധ്യാപികയായ ഭാര്യയുടെ ജനനത്തീയതി നാലുവർഷം കൂട്ടിവച്ചതിനാൽ ഫുൾപെൻഷൻ നഷ്‌ടമായത് എളുപ്പത്തിൽ പരിഹരിക്കാമായിരുന്നു. പ്രശ്‌നം അറിഞ്ഞപ്പോൾ സ്‌പെഷൽ ഓർഡർ ഇറക്കാമെന്നു മന്ത്രി പറഞ്ഞെങ്കിലും സമ്മതിച്ചില്ല.
ആദർശമായിരുന്നു കടന്നപ്പള്ളിക്ക് എന്നും വലുത്. അവിയൽ മ്യൂസിക് ബാൻഡ് അംഗമാണ് മകന്‍ മിഥുൻ. അടുപ്പക്കാർക്ക് ആശംസാകാർഡുകൾ സ്വന്തമായി വരച്ചുണ്ടാക്കി അയയ്‌ക്കാറുണ്ട് കടന്നപ്പള്ളി. വീട്ടിലെത്തിയാൽ അമ്മ പാർവതിയമ്മയും ഭാര്യ സരസ്വതിയുമാണ് കടന്നപ്പള്ളിയുടെ ലോകം.
എ കെ ശശീന്ദ്രൻ - ഗതാഗതം
നിയമസഭാംഗമെന്ന നിലയിൽ രണ്ടു ദശാബ്ദം പൂർത്തിയാക്കിയ ശശീന്ദ്രൻ പൊതുപ്രവർത്തന രംഗത്തെ കറകളഞ്ഞ വ്യക്തിത്വമാണ്. അഞ്ചു തവണ നിയമസഭയിലെത്തിയെങ്കിലും മന്ത്രിയാകുന്നത് ഇതാദ്യം. എൻ സി പി ദേശീയ പ്രവർത്തക സമിതി അംഗമാണ്. കണ്ണൂർ മേലെ ചൊവ്വ അരയാക്കണ്ടി ‘ വർഷ’യിൽ എ കുഞ്ഞമ്പുവിന്റെയും എം കെ
ജാനകിയുടെയും മകനായ എ കെ ശശീന്ദ്രൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തു വരുന്നത്. കെ എസ് യുവിലും യൂത്ത് കോൺഗ്രസിലും സംസ്ഥാന പ്രസിഡന്റു പദവിവരെ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ കോൺഗ്രസ് പിളർന്നപ്പോൾ പി സി ചാക്കോയ്ക്കൊപ്പം സംസ്ഥാന ഭാരവാഹിയായി. തുടർന്നങ്ങോട്ട് കോൺഗ്രസി(എസ്)ലും പിന്നീട് എൻ സി പിയിലും തുടർന്ന് അദ്ദേഹം ഇടതുപക്ഷം വിട്ടു പോയിട്ടില്ല. ഭാര്യ: അനിത കൃഷണൻ (റിട്ട. പ്രിൻസിപ്പൽ ഓർക്കാട്ടേരി ഗവ എച്ച് എസ് എസ്) മകൻ: വരുൺ ശശീന്ദ്രൻ (കൊച്ചിൻ റിഫൈനറി മെക്കാനിക്കൽ എൻജിനിയർ)
മാത്യു ടി തോമസ് - ജലസേചനവകുപ്പ്
ഇരുപത്തഞ്ചാം വയസിൽ 1987ൽ ആദ്യമായി എം എൽ എയായതാണ് മാത്യു ടി തോമസ്. പിന്നീട് ഒരു തോൽവിക്കുശേഷം രണ്ടു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ല. രാഷ്ട്രീയത്തിൽ അത്ര സജീവമല്ലാത്ത കാലമായിരുന്നു അത്. അഭിഭാഷകവൃത്തിയിൽ ശ്രദ്ധയൂന്നിയ മാത്യു ടി തോമസിനെ 2006ൽ എൽ ഡി എഫ് വീണ്ടും തിരികെ കൊണ്ടുവന്നു. തിരുവല്ലയിൽ നിന്നു ജയിപ്പിച്ചു. ഗതാഗത മന്ത്രിയാക്കി. 2011-ലും ഇത്തവണയും തിരുവല്ലയിൽ ജയം ആവർത്തിച്ചു. തിരുവല്ല മണ്ഡലത്തിലെ രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം. ആദ്യമന്ത്രി ഇ ജോൺ ജേക്കബായിരുന്നു. മാർത്തോമ്മാ സഭയിലെ വൈദികനായ തുമ്പുംപാട്ട് റവ ടി തോമസിന്റെയും റിട്ട അധ്യാപിക അന്നമ്മ തോമസിന്റെയും മകനാണ് മാത്യു ടി തോമസ്
ഭാര്യ: ഡോ അച്ചാമ്മ അലക്സ്( ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ). മക്കൾ: അച്ചു അന്ന മാത്യു(അസി. പ്രഫസർ രാജഗിരി എൻജീനിയറിങ് കോളജ്), അമ്മു തങ്കം മാത്യും(ഡിഗ്രി വിദ്യാർത്ഥി)