പെരിന്തല്‍മണ്ണ|
jibin|
Last Modified ബുധന്‍, 27 ജനുവരി 2016 (11:39 IST)
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പുന:പരിശോധിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളി സിപിഎം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം എടുക്കും. മദ്യനയം മാറ്റുന്ന കാര്യം ഇപ്പോള്‍ ആലോചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ക്കോഴകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവെക്കണം. സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രി പലകാര്യങ്ങള്‍ മറച്ചുവെച്ചു. ബാര്‍കോഴയില്‍ ആരോപണ വിധേയരായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും മന്ത്രിസ്ഥാനമൊഴിയണം. കെഎം മാണി രാജിക്കത്ത് നല്കിയപ്പോള് പെട്ടെന്നു സ്വീകരിച്ചു. എന്നാല്‍ കെ ബാബുവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അതിനു മുതിര്‍ന്നില്ലെന്നും പിണറായി പറഞ്ഞു.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പുന:പരിശോധിക്കുമെന്നാണ് കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞത്. മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയം. നിലവിലെ മദ്യനയം തിരിച്ചടികള്‍ തരുന്നുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ അനുചിതമായ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മദ്യനയം പുന:പരിശോധിക്കുമെന്ന് പറയുന്നതിലൂടെ നയം റദ്ദാക്കുമെന്നല്ല ഇതിനര്‍ഥം. ഇപ്പോഴത്തെ മദ്യനയം സൃഷ്ടിച്ച സാമൂഹിക പ്രത്യാഘാതങ്ങള്‍ പഠിച്ച ശേഷമായിരിക്കും പുതിയ നയം സ്വീകരിക്കുക. ഇപ്പോഴുള്ള മദ്യനയം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമ്മാനിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യം മുന്നി കണ്ടാണ് മദ്യനയത്തില്‍ ഒരു പൊളിച്ചെഴുത്ത് ആവശ്യമായി വരുന്നതെന്നും കാനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.