മലപ്പുറം|
jibin|
Last Modified ഞായര്‍, 24 ജനുവരി 2016 (13:56 IST)
ബാര്‍ കോഴക്കേസില്‍ കോടതിയുടെ പരാമര്‍ശം ഏറ്റുവാങ്ങി രാജിവെക്കേണ്ടിവന്ന കെഎം മാണി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുന്നതിനെ പിന്തുണച്ച് മുസ് ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാൻ മാണിക്ക് തടസങ്ങളൊന്നുമില്ല. മാണിക്കെതിരെയുള്ള ആരോപണങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്ന കാര്യം മാണിയും കേരള കോൺഗ്രസും തീരുമാനിച്ചാൽ യുഡിഎഫ് ചർച്ച ചെയ്ത് ബാക്കി തീരുമാനം കൈക്കൊള്ളും. വിഷയത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. കോൺഗ്രസും മുസ് ലിം ലീഗും വെവ്വേറെ രാഷ്ട്രീയ ജാഥകൾ നടത്തുന്നത് യുഡിഎഫ് സംവിധാനം മെച്ചപ്പെടാൻ സഹായിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനോരമ ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൗഹൃദം, സമത്വം, സമന്വയം’ എന്ന സന്ദേശവുമായിട്ടാണ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി കേരളയാത്ര നടത്തുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.
നേതാക്കളായ കെപിഎ മജീദ്, ഇടി മുഹമ്മദ് ബഷീര്‍, മന്ത്രി ഡോ എംകെ മുനീര്‍, പികെ കെ ബാവ, മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍വഹാബ് എംപി, കെഎം ഷാജി എംഎല്‍എ എന്നിവരെ കൂടാതെ ലീഗിന്റെ പോഷക സംഘടനകളായ എസ്ടിയു, യൂത്ത്ലീഗ്, എംഎസ്എഫ് എന്നിവയുടെ സംസ്ഥാന ഭാരവാഹികള്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്.