സമരങ്ങളില്‍ കുലുങ്ങില്ല; കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട്, 2025 ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പിണറായി

രേണുക വേണു| Last Modified ചൊവ്വ, 4 ജനുവരി 2022 (12:57 IST)

കെ-റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പ്രതിഷേധങ്ങളിലും സമരങ്ങളിലും കുടുങ്ങി നാടിന്റെ വികസനം വേണ്ടെന്നുവയ്ക്കാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2025 ല്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും പിണറായി പറഞ്ഞു. പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 56,881 കോടി രൂപ അഞ്ച് വര്‍ഷം കൊണ്ടാണ് ചെലവാക്കുന്നത്. തുക അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ സ്വീകരിക്കും. കേന്ദ്ര - സംസ്ഥാന വിഹിതങ്ങള്‍ ഇതിനകത്തുണ്ടാകും. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വാസസ്ഥലം നഷ്ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ നല്‍കുമെന്ന് പുനരധിവാസ പാക്കേജ്. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഭൂവുടമകള്‍ക്ക് നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :