നടുത്തളത്തില്‍ കയ്യോങ്ങി ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍; നിയമസഭയിൽ നാടകീയരംഗങ്ങൾ, ശിവസേനയെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി

ശിവസേനക്ക്​ പൊലീസ്​ ഒത്താശ ചെയ്തെന്ന്​ പ്രതിപക്ഷം

തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (11:20 IST)
മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തകര്‍ സദാചാര പൊലീസ് ചമഞ്ഞ് അഴിഞ്ഞാടിയ സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌. മരത്തണലില്‍ ഇരുന്ന സ്ത്രീകളേയും പുരുഷന്‍മാരേയുമാണ് ശിവസേനക്കാര്‍ അടിച്ചോടിച്ചത്. അത്തരമൊരു സംഭവം കണ്ടിട്ടും പൊലീസ് ശിവസേനക്കാരെ തടയാന്‍ ശ്രമിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയക്കാരെന്ന ഒരു പരിഗണനയും ശിവസേനയ്ക്ക് നല്‍കില്ല. സാദാചാര ഗുണ്ടകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഇത്തരക്കാര്‍ക്കെതിരെ കാപ്പ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സദാചാര ഗുണ്ടകള്‍ക്കെതിരെ നടപടി കൈക്കൊള്ളാന്ന് വൈകിയാല്‍ പൊലീസിനെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഹൈബി ഈഡൻ എംഎൽഎ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ശിവസേനക്കാർക്കെതിരെ പിണറായി പൊലീസിന്റെ ലാത്തി പൊങ്ങിയില്ലെന്നായിരുന്നു ഹൈബി ഈഡന്റെ പരാമര്‍ശം. പൊലീസ് ശിവസേന ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ പ്രതിപക്ഷം ശിവസേനയെ വാടക്കെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളത്തിനിടിയെ പ്രതിപക്ഷത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് മുഖ്യമന്ത്രിയും ഭരണപക്ഷവും നടത്തിയത്. തുടര്‍ന്നാണ് കയ്യാങ്കളിയിലേക്ക് വരെയെത്തിയേക്കാവുന്ന നാടകീയമായ സംഭവങ്ങള്‍ നിയമസഭയില്‍ അരങ്ങേറിയത്. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :