പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്നത് മനുഷ്യത്വത്തിനെതിരായ അക്രമമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ഡിസം‌ബര്‍ 2023 (16:33 IST)
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്നത് ഒരു പ്രത്യേക വിഭാഗത്തിനെതിരായ അക്രമമല്ലെന്നും അത് മനുഷ്യത്വത്തിനെതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു ജനിച്ച ബത്ലഹേമില്‍ ഇക്കുറി ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ കണ്ടില്ല. പുല്‍ക്കൂട് വേണ്ടിടത്ത് തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളാണ്. ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട ശരീരങ്ങളാണുള്ളത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ തെളിച്ചം ആ മണ്ണിലും മനസിലും എത്തിയിരുന്നെങ്കില്‍ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. ഗുരു സന്ദേശങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന സംഭവങ്ങളാണിത്.

ഇന്ന് ലോകത്ത് പലയിടത്തും സംഭവിക്കുന്ന സംഘര്‍ഷങ്ങളില്‍ മിക്കതിനും അടിസ്ഥാനം രാഷ്ട്രീയമല്ല, മറിച്ച് വംശീയതയാണ്. വംശവിദ്വേഷത്തിന്റെ കലാപത്തീയാണ് പടര്‍ന്നു വ്യാപിക്കുന്നത്. ഈ വംശവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലി ഗുരുസന്ദേശത്തിലുണ്ട്.

മനുഷ്യത്വം പാടെ അസ്തമിച്ച ചരിത്ര ഘട്ടത്തില്‍ ഉയര്‍ന്നു വന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെയും ജീവിതത്തെയും ഗുരു മനുഷ്യത്വവത്ക്കരിച്ചു. ആ പ്രക്രിയയിലാണ് കേരളം മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായി മാറിയത്. ഗുരുവിന്റെ ഇടപെടല്‍ സമൂഹത്തിലാകെ ചലനങ്ങളുണ്ടാക്കി. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ കേരള ചരിത്രത്തിലെ മഹദ് സംഭവമായെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :