ആണ്‍കുഞ്ഞ് പിറക്കാന്‍ ഏത് സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം? വിവാഹ ദിവസം കുറിപ്പെഴുതിയ ഭര്‍ത്താവിനെതിരെ യുവതി ഹൈക്കോടതിയില്‍

2012 ഏപ്രിലിലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം നടന്നത്

രേണുക വേണു| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (10:41 IST)

നല്ല ആണ്‍കുഞ്ഞ് പിറക്കാന്‍ ഏത് രീതിയിലും സമയത്തും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന കുറിപ്പ് കൈമാറിയ ഭര്‍ത്താവിനെതിരെ യുവതി ഹൈക്കോടതിയില്‍. ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും എതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നുമാണ് യുവതി ഹര്‍ജിയില്‍ പറയുന്നത്. കൊല്ലം സ്വദേശിനിയായ 39 കാരിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.

2012 ഏപ്രിലിലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം നടന്നത്. വിവാഹ ദിവസം തന്നെ ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ പിതാവാണ് ഇത് തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും ഹാജരാക്കി.

തന്റെ പരാതി വിവരിച്ച് പ്രി നേറ്റല്‍ ഡയഗ്നോസ്റ്റിക് ഡിവിഷന്‍ ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു. തുടര്‍ന്നു പരാതി പരിശോധിക്കാനും കര്‍ശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷണല്‍ ഡയറക്ടര്‍ക്കു കൈമാറി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇതു സംബന്ധിച്ചു മറ്റൊരു കത്തും അഡീഷണല്‍ ഡയറക്ടര്‍ക്കു നല്‍കി. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല. നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :