വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച് കമന്റ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

പവി ആനന്ദാശ്രമം എന്നാണ് ഇയാളുടെ ഫെയ്‌സ്ബുക്ക് ഐഡി

Air India, Air India Plane Crash, Pavithran Ranjitha Air India
Kasargod| രേണുക വേണു| Last Modified വെള്ളി, 13 ജൂണ്‍ 2025 (11:31 IST)
Pavithran

അഹമ്മദബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരെ അവഹേളിച്ചതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെയാണ് റവന്യു വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി കെ.രാജന്‍ കാസര്‍ഗോഡ് ജില്ലാ കലക്ടറുമായി സംസാരിക്കുകയും അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

പവി ആനന്ദാശ്രമം എന്നാണ് ഇയാളുടെ ഫെയ്‌സ്ബുക്ക് ഐഡി. രഞ്ജിതയ്ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫെയ്‌സ്ബുക്കില്‍ ഒരാളിട്ട പോസ്റ്റിനു താഴെയാണ് പവിത്രന്റെ മോശം കമന്റ്. രഞ്ജിതയെ അവഹേളിക്കുന്ന തരത്തിലുള്ള വളരെ മോശം കമന്റായിരുന്നു അത്. സംഭവം വിവാദമായതോടെ ഇയാള്‍ കമന്റ് പിന്‍വലിച്ചു.

നേരത്തെയും ഇയാള്‍ സമൂഹമാധ്യമങ്ങളിലെ മോശം ഇടപെടലിനെ തുടര്‍ന്ന് നടപടി നേരിട്ടിട്ടുണ്ട്. മുന്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ മോശം കമന്റിട്ടതിനു പവിത്രനെ ആറ് മാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായര്‍ ആണ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച ഏക മലയാളി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷമായിരിക്കും അഹമ്മദബാദില്‍ നിന്ന് രഞ്ജിതയുടെ മൃതദേഹം പത്തനംതിട്ടയില്‍ എത്തിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :