ന്യൂഡൽഹി|
aparna shaji|
Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (09:58 IST)
അനധികൃതമായി വഴിയിലുടനീളം ആരാധനാലയങ്ങൾ നിർമിക്കുന്നത് ദൈവത്തിനോടുള്ള അവഹേളനയെന്ന് സുപ്രിംകോടതി. അനധികൃത ആരാധനാലയങ്ങൾ പൊളിച്ച് നീക്കാത്തതിന് കോടതി അധികൃതരെ വിമർശിക്കുകയും ചെയ്തു. ഇത്തരം ആരാധനാലയങ്ങൾ പൊളിച്ച് നീക്കാത്തത് നിയമലംഘനമാണെന്ന്
ജസ്റ്റിസുമാരായ വി ഗോപാല ഗൗഡ, അരുൺ മിശ്ര എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു.
വഴികളിലുടനീളം ആരാധനാലയങ്ങൾ കെട്ടിപടുത്തുന്നതിനെതിരെ അധികൃതർ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും ഇത്തരം നിർമാണങ്ങൾക്ക് അനുമതി നൽകാൻ അധികൃതർക്ക് അനുമതിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട്
സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അടങ്ങിയ വ്യക്തമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനും സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണപ്രദേശങ്ങളേയും കോടതി വിമർശിച്ചു.
വ്യക്തമായ റിപ്പോർട്ട് നൽകണമെന്ന കോടതിയുടെ ഉത്തരവ് 'കോൾഡ് സ്റ്റോറേജിൽ' വെക്കാനുള്ളതല്ലെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അനധികൃതമായി നിർമിച്ച അമ്പലങ്ങളുടേയും പള്ളികളുടെയും വിശദമായ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉണ്ടായിരിക്കണമെന്നും കോടതി ഉത്തരവിട്ടു.