രേണുക വേണു|
Last Modified തിങ്കള്‍, 27 ജനുവരി 2025 (07:26 IST)
Tiger Attack - Pancharakolly
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജിതം. കടുവയെ എത്രയും പെട്ടന്ന് പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. കടുവയെ കണ്ടെത്തിയാല്‍ വെടിവയ്ക്കാന്‍ വനംവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. മയക്കുവെടി വിദഗ്ധരും ഷാര്‍പ്പ് ഷൂട്ടര്‍മാരുമടക്കം എണ്‍പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയ്ക്കായി തെരച്ചില്‍ നടത്തുന്നത്.
ഞായറാഴ്ച വൈകിട്ട് 6.30 ഓടെ കേളകവലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാറിന്റെ തോട്ടത്തിനു അടുത്തായി കടുവയെ കണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മാത്രമല്ല ഇന്നലെ നൈറ്റ് പട്രോളിങ്ങിനിടെ കടുവയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തെരച്ചിലിനായി തെര്‍മല്‍ ഡ്രോണ്‍, നോര്‍മല്‍ ഡ്രോണ്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്.
കടുവ ഭീതി ശക്തമായതോടെ മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. അങ്കണവാടി, മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ല.