പാലക്കാട്ടെ കോണ്‍ഗ്രസിനു അടുത്ത പണി ! മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബ് സ്വതന്ത്രനായി മത്സരിക്കും; ചിഹ്നം പ്രാണി?

പാലക്കാട് ബിജെപിയില്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തന്റെ സ്ഥാനാര്‍ഥിത്വം ബിജെപിക്ക് സഹായമാകില്ലെന്നു ഉറപ്പ് വരുത്തിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ഷാനിബ് പറഞ്ഞു

A.K.Shanib
രേണുക വേണു| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (12:35 IST)
A.K.Shanib

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിനു പുതിയ തലവേദന. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ.ഷാനിബ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയായിരുന്ന പി.സരിന്‍ ആണ് പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാര്‍ഥി. സരിന്‍ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെയാണ് ഷാനിബും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

പാലക്കാട് ബിജെപിയില്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തന്റെ സ്ഥാനാര്‍ഥിത്വം ബിജെപിക്ക് സഹായമാകില്ലെന്നു ഉറപ്പ് വരുത്തിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ഷാനിബ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ബിജെപിയുമായി ചേര്‍ന്ന് മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുകയാണ്. ബിജെപിയെ സഹായിക്കാനുള്ള വഴികളാണ് സതീശന്‍ നോക്കുന്നതെന്നും ഷാനിബ് പറഞ്ഞു.

'ഉപതിരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റ്' എന്നാണ് ചിലരൊക്കെ സതീശനെ വിശേഷിപ്പിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ആ പേര് മാറ്റും. താന്‍ കോണ്‍ഗ്രസില്‍ നിന്നും പോയപ്പോള്‍ ഒരു നേതാവ് പറഞ്ഞത് പ്രാണി പോയാല്‍ കുഴപ്പമില്ലെന്നാണ്. ശരിയാണ്. ഞങ്ങളെ പോലെ കുറെ പുഴുക്കളും പ്രാണികളും കോണ്‍ഗ്രസിലുണ്ട്. അതുകൊണ്ട് തന്നെ പ്രാണി ചിഹ്നത്തില്‍ തന്നെ പാലക്കാട് മത്സരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :