Kerala Weather: ന്യൂനമര്‍ദ്ദം തീവ്രമാകുന്നു, നാളെയോടെ ചുഴലിക്കാറ്റ്; കേരളത്തില്‍ ഒരാഴ്ച മഴയ്ക്കു സാധ്യത

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു

രേണുക വേണു| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (07:16 IST)

Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത. ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്ത് മുന്നറിയിപ്പ്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമാകുന്നു. ന്യൂനമര്‍ദ്ദം നാളെയോടെ (ഒക്ടോബര്‍ 23) ചുഴലിക്കാറ്റായും (Cyclonic storm ) ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് ഒക്ടോബര്‍ 24 ന് ഒഡിഷ - പശ്ചിമ ബംഗാള്‍ തീരം തൊട്ടേക്കും. ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകാനും സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. തമിഴ്‌നാടിനു മുകളില്‍ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു. ഇവയുടെയെല്ലാം സ്വാധീനത്താല്‍ കേരളത്തില്‍
അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ 23 വരെയുള്ള തിയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :