പാലാ|
മെര്‍ലിന്‍ സാമുവല്‍|
Last Modified ശനി, 28 സെപ്‌റ്റംബര്‍ 2019 (18:36 IST)
പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം പിജെ ജോസഫാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് ടോം.
തെരഞ്ഞെടുപ്പില്‍ ജോസഫിന്റെ അജണ്ടയാണ് നടന്നത്. ഒരു എം എല്‍ എ കൂടി വന്നാല്‍ ജോസ് കെ മാണി വിഭാഗത്തിന് പാര്‍ട്ടിയില്‍ മേല്‍ക്കൈ ഉണ്ടാകും. അത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ജോസഫ് ചിരിച്ചും സന്തോഷിച്ചുമാണ് മാധ്യമങ്ങളെ കണ്ടെതെന്നും ജോസ് ടോം തുറന്നടിച്ചു.
പാര്‍ട്ടി ചിഹ്നമായ രണ്ടി ചോദിച്ചെങ്കിലും ജോസഫ് ആവശ്യം തള്ളി. ഇതോടെയാണ് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ജോസഫും അദ്ദേഹത്തിന്റെ പ്രവര്‍ത്തകരും വിട്ടു നിന്നു. ഇതോടെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം ലഭിക്കുകയും ചെയ്‌തുവെന്നും ജോസ് ടോം പറഞ്ഞു.
വോട്ടെടുപ്പ് ദിനത്തില്‍ ജോയ് എബ്രഹാം നടത്തിയ പ്രസ്‌താവന തിരിച്ചടിയായി. താന്‍ പള്ളിയില്‍ പോകാറില്ലെന്നും സഭാ വിശ്വാസിയല്ലെന്നുമുള്ള പ്രചാരണത്തിന്റെ ഉറവിടം ജോസഫ് വിഭാഗം നേതാക്കളായിരുന്നു. പാലായിലെ പരിപാടിയില്‍ ജോസഫിനെതിരെ പ്രവര്‍ത്തകര്‍ കൂവിയപ്പോള്‍ ജോസ് അത് തടഞ്ഞിരുന്നുവെന്നും ജോസ് ടോം പറഞ്ഞു.