പാല|
JOYS JOY|
Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (09:48 IST)
പാല കര്‍മ്മലീത്ത മഠത്തില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മഠത്തിലെ അന്തേവാസികളെ ഇന്ന് ചോദ്യം ചെയ്യും. പാല ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്തേവാസികളെ ചോദ്യം ചെയ്യുക.
വ്യാഴാഴ്ച രാവിലെ ആയിരുന്നു കര്‍മ്മലീത്ത മഠത്തില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസ്റ്റര്‍ അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 69 വയസ്സ് ആയിരുന്നു. കന്യാസ്ത്രീയുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
മുറിക്കുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തലയ്ക്കു പിന്നില്‍ മുറിവേറ്റിട്ടുണ്ട്. മഠത്തിന് സമീപത്തെ കാര്‍മല്‍ ആശുപത്രിയിലെ നഴ്സ് ആയിരുന്നു സിസ്റ്റര്‍ അമല.
വ്യാഴാഴ്ച രാവിലെ കുര്‍ബാനയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് മഠത്തിലെ മറ്റ് അന്തേവാസികള്‍ മുറിയില്‍ എത്തിയപ്പോഴാണ് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ പൂട്ടിയ നിലയിലായിരുന്നില്ല.